കുത്തിയൊഴുകുന്ന തോടിന് കുറുകെ തടിപ്പാലത്തിലൂടെ സാഹസികയാത്ര: മാങ്കുളം ആനക്കുളത്തെ 2 കുടുംബങ്ങള്‍ക്ക് അറുതിയില്ലാ ദുരിതം
കുത്തിയൊഴുകുന്ന തോടിന് കുറുകെ തടിപ്പാലത്തിലൂടെ സാഹസികയാത്ര: മാങ്കുളം ആനക്കുളത്തെ 2 കുടുംബങ്ങള്‍ക്ക് അറുതിയില്ലാ ദുരിതം

ഇടുക്കി: കുത്തിയൊഴുകുന്ന തോടിനുകുറുകെ, ആടിയുലയുന്ന തടിപ്പാലത്തിലൂടെ അക്കരെയിക്കരെ കടക്കുന്ന രണ്ട് കുടുംബങ്ങളുണ്ട് മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത്. മഴക്കാലമായാല്‍ പുറംലോകവുമായി ഇവരുടെ ബന്ധം നഷ്ടപ്പെടും. ആനക്കുളം സ്വദേശി താമസിക്കുന്ന ബിജു ഗോപാലപിള്ളയും കുടുംബാംഗങ്ങളും ഇവരുടെ സമീപവാസിയായ മറ്റൊരുകുടുംബവുമാണ് ദുരിതംപേറുന്നത്. തുരുത്തിനുസമാനമായ പ്രദേശത്താണ് രണ്ട് വീടുകളും സ്ഥിതി ചെയ്യുന്നത്. റോഡില്‍നിന്ന് വീടുകളിലേക്കുള്ള നടപ്പുവഴിക്ക് കുറുകെയാണ് തോട് ഒഴുകുന്നത്. മഴക്കാലത്ത് തോട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. യാത്ര മുടങ്ങുന്ന സാഹചര്യത്തിലാണ് ഇവര്‍ തടിപ്പാലം നിര്‍മിച്ചത്. സുരക്ഷിതമല്ലാത്ത ഈ തടിപ്പാലത്തിലൂടെയാണ് വയോധികര്‍ ഉള്‍പ്പെടെ ഇരുകുടുംബങ്ങളിലെയും ആളുകള്‍ വീട്ടിലേക്ക് പോകുന്നത്. കണ്ണൊന്നുതെറ്റിയാല്‍ തോട്ടില്‍ പതിക്കും. കാലവര്‍ഷം ശക്തിപ്രാപിച്ച് ഒഴുക്ക് വര്‍ധിക്കുമ്പോള്‍ യാത്ര തടസപ്പെടും. ഇരുകുടുംബങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെ ഇടപെടലില്‍ കാല്‍നടയാത്രയ്ക്കായി തോടിനുകുറുകെ പാലം നിര്‍മിച്ചുനല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






