മൂപ്പെത്താതെ ജാതിക്ക പൊഴിഞ്ഞുവീഴുന്നു: കുമിള്‍ബാധയെന്ന് കൃഷിവകുപ്പ്
മൂപ്പെത്താതെ ജാതിക്ക പൊഴിഞ്ഞുവീഴുന്നു: കുമിള്‍ബാധയെന്ന് കൃഷിവകുപ്പ്

ഇടുക്കി: തുടര്‍ച്ചയായ മഴയില്‍ ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍ പ്രധാനമായി നേരിട്ട പ്രശ്നമായിരുന്നു ജാതികായ പൊഴിച്ചില്‍. മൂപ്പെത്താത്ത ജാതികായ്കള്‍ വലിയ തോതില്‍ നിലംപതിച്ചത് കര്‍ഷകരെ വെട്ടിലാക്കിയിരുന്നു. ജാതിക്കായ പൊഴിയുന്നതിന്റെ കാരണം കുമിള്‍ബാധയാണെന്ന് കൃഷിവകുപ്പ്. കുഞ്ചിത്തണ്ണിയിലെ ജാതിത്തോട്ടങ്ങളില്‍ ഫൈറ്റോഫ്‌തോറ കുമിള്‍ ബാധയും ബോറോണ്‍ അപര്യാപ്തതയും കണ്ടെത്തിയിട്ടുണ്ട്. ജാതികൃഷിയെ ബാധിക്കുന്ന ഗുരുതരമായ ഇല, കായ പൊഴിച്ചിലിനു കാരണമാകുന്ന പ്രശ്‌നമാണ് ഫൈറ്റോഫ്‌ത്തോറ കുമിള്‍ ബാധയെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. മെയ് അവസാനം തുടങ്ങിയ കനത്ത മഴ കാരണം കര്‍ഷകര്‍ക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിക്കാത്തത് രോഗവ്യാപനത്തിന് ഇടയാക്കി. രോഗം ബാധിച്ച് കൊഴിഞ്ഞ കായകളും ഇലകളും നീക്കം ചെയ്തതിന് ശേഷം ട്രൈക്കോഡെര്‍മ സമ്പുഷ്ട ചാണകം മരമൊന്നിന് 5 കിലോ ഗ്രാമെന്ന തോതില്‍ കടയ്ക്കല്‍ ഇട്ടു കൊടുക്കണം. സ്യുടോമോനാസ് 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മരത്തില്‍ തളിക്കുകയും നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുകയും ചെയ്താല്‍ കുമിള്‍ബാധയെ പ്രതിരോധിക്കാമെന്നും കൃഷിവകുപ്പ് പറഞ്ഞു.
What's Your Reaction?






