മത്സരയോട്ടത്തിനിടെ ജീപ്പുകള്‍ ഉരസി: സൂര്യനെല്ലിയില്‍ യുവാവിനെ മര്‍ദിച്ച 2 പേര്‍ അറസ്റ്റില്‍
മത്സരയോട്ടത്തിനിടെ ജീപ്പുകള്‍ ഉരസി: സൂര്യനെല്ലിയില്‍ യുവാവിനെ മര്‍ദിച്ച 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: സൂര്യനെല്ലിയില്‍ മത്സരയോട്ടത്തിനിടെ ജീപ്പുകള്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ മര്‍ദിച്ച 2 പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. സൂര്യനെല്ലി സ്വദേശികളായ രോഹിത്, നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. സൂര്യനെല്ലി സ്വദേശി രാജയ്ക്കാണ് മര്‍ദനമേറ്റത്. സഞ്ചാരികള്‍ക്ക് ടെന്റ് നിര്‍മിച്ചുനല്‍കുന്ന രോഹിത്തിന്റെ ജീപ്പില്‍, രാജയുടെ ജീപ്പ് ഉരസിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന്, രോഹിത്തും സുഹ്യത്ത് നവീനുംചേര്‍ന്ന് കമ്പും വീല്‍സ്പാനറും ഉപയോഗിച്ച് രാജയെ മര്‍ദിച്ചു. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സഞ്ചാരികളുമായി പോകുന്ന ജീപ്പുകളുടെ മത്സരയോട്ടമാണ് സംഘര്‍ഷത്തിന് കാരണമെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
What's Your Reaction?






