പരുന്തുംപാറ ഭൂമി കൈയേറ്റം: ഭൂപ്രശ്‌നം സങ്കീര്‍ണമാക്കാന്‍ റവന്യൂ അധികൃതര്‍ ശ്രമിക്കുന്നുവെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്
പരുന്തുംപാറ ഭൂമി കൈയേറ്റം: ഭൂപ്രശ്‌നം സങ്കീര്‍ണമാക്കാന്‍ റവന്യൂ അധികൃതര്‍ ശ്രമിക്കുന്നുവെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: പരുന്തുംപാറയില്‍ ഭൂമി കൈയേറ്റമെന്ന പേരില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭൂപ്രശ്‌നം സങ്കീര്‍ണമാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതരുടെ ഗൂഢ നീക്കം നടക്കുന്നുവെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍. കൃത്യമായി രേഖകള്‍ പരിശോധിക്കാതെയാണ് കലക്ടര്‍ വിവാദ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ 2 നമ്പറുകളില്‍ ഉള്‍പ്പെട്ട വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച ഭൂരേഖകള്‍ പരിശോധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയുള്ള നടപടി പ്രദേശവാസികള്‍ക്കിടയതില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരുന്തുംപാറയില്‍ ഭൂമി സംബന്ധിച്ച് ഒരു പരാതികളും നേരത്തെ ഇല്ല. ഏതാനും മാസം മുമ്പ് മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് പരുന്തുംപാറയില്‍ ഭൂമി വിവാദം തുടങ്ങുന്നത്. ജില്ലയ്ക്ക് പുറത്തുള്ള പരിസ്ഥിതി സംഘടന നല്‍കിയ പരാതിയില്‍ മറ്റൊരുകേസിന്റെ പരിശോധന നടക്കവെയാണ് മേഖലയില്‍ കൈയേറ്റ ഭൂമിക്ക് പട്ടയം നേടാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്. മഞ്ചുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441 ലും പീരുമേട് വില്ലേജിലെ സര്‍വേ നമ്പര്‍ 534ലും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശത്തും മാര്‍ച്ച് മുതല്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വലിയതോതില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നിര്‍മാണ നിരോധനം പിന്‍വലിച്ചത്.
പരുന്തുംപാറയുടെ സമീപ പ്രദേശങ്ങളിലെ പട്ടയ ഭൂമിയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് റവന്യു അധികാരികളുടെ നടപടിയില്‍ പ്രതിസന്ധിയിലായത്. നിരവധി ആളുകള്‍ക്ക് ഒന്നും രണ്ടും തവണയായി റവന്യു അധികാരികള്‍ നോട്ടീസ് നല്‍കി. നോട്ടീസിന് ആദ്യം സമര്‍പ്പിച്ച രേഖകള്‍ മതിയാകാത്തതിനാല്‍ വീണ്ടും നോട്ടീസ് നല്‍കി. രാജഭരണ കാലത്ത് ചെമ്പ് പട്ടയവും ജനാധിപത്യ ഭരണത്തില്‍ പട്ടയവും ലഭിച്ച നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെയുള്ളത്. പ്രദേശത്ത് മൂന്ന് സെന്റ് മുതല്‍ രണ്ടര ഏക്കര്‍ വരെ ഭൂമിയുള്ള സാധാരണക്കാരാണ് ഏറെയും.
ഗ്രാമ്പി, കല്ലാര്‍, ഓട്ടപ്പാലം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൈയേറ്റം നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ആളുകള്‍ നിയമപ്രകാരം പട്ടയം ലഭിച്ചവരാണ്. 2100 തണ്ടപ്പേരുകളിലായാണ് പ്രദേശത്ത് ഭൂമിയുള്ളത്. ഇതില്‍ 900 പേര്‍ക്ക് മാത്രമാണ് നാളിതുവരെ നോട്ടീസുകള്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ 200 അടുത്ത് ആളുകള്‍ മാത്രമാണ് ഇതിനകം രേഖകള്‍ ഹാജരാക്കിയിട്ടുള്ളത്. ഇതുവരെ നല്‍കിയ 200 ഓളം പേരുടെ രേഖകള്‍ പൂര്‍ണ പരിശോധനയ്ക്ക് ഇതുവരെയും വിധേയമാക്കിയിട്ടുമില്ല. പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ജനങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള റവന്യു അധികൃതരുടെ നടപടി പിന്‍വലിക്കണമെന്ന് ആര്‍ ദിനേശന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എ ജെ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
What's Your Reaction?






