കട്ടപ്പന നഗരസഭയില്‍ ഇ-മാലിന്യശേഖരണം തുടങ്ങി

കട്ടപ്പന നഗരസഭയില്‍ ഇ-മാലിന്യശേഖരണം തുടങ്ങി

Jul 29, 2025 - 11:44
Jul 29, 2025 - 11:46
 0
കട്ടപ്പന നഗരസഭയില്‍ ഇ-മാലിന്യശേഖരണം തുടങ്ങി
This is the title of the web page

ഇടുക്കി: വീടുകളില്‍ നിന്നും ഇ-മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, റേഡിയോ, കമ്പ്യൂട്ടര്‍, മൊബൈല്‍, ചാര്‍ജര്‍ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.     കട്ടപ്പന നഗരസഭയിലെ ഇ- മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി നിര്‍വഹിച്ചു. 17,20,21 വാര്‍ഡുകളില്‍നിന്നായി 250 കിലോ ശേഖരിച്ചു. ബാക്കി വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ എല്ലാ വീടുകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നതിന് പകരം ഓരോ വാര്‍ഡിലും പ്രത്യേക പോയിന്റുകള്‍ നിശ്ചയിച്ച് ആ സ്ഥലത്ത് വച്ചാണ് മാലിന്യം ശേഖരിക്കുന്നത്. വാര്‍ഡുകളിലെ പോയിന്റുകള്‍ക്ക് പുറമേ നഗരസഭാ ഓഫീസിനോടനുബന്ധിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഒരു കളക്ഷന്‍ പോയിന്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടകളില്‍ വില കിട്ടുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വില്‍ക്കുകയും ബാക്കിയുള്ളവ പരിസരത്തു കൂട്ടിയിട്ട് മണ്ണിനെയും ജലസ്രോതസുകളെയും മലിനമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണം നല്‍കി വീടുകളില്‍ നിന്നും ഇത്തരം വസ്തുക്കള്‍ നഗരസഭ ഹരിതകര്‍മസേന വഴി ശേഖരിക്കുന്നത്. ഈ തുക ഹരിത കര്‍മസേനയുടെ കണ്‍സോര്‍ഷ്യം ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. ഇത്തരത്തില്‍ ശേഖരിച്ച ഇ- മാലിന്യം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. വീടുകളിലും ഓഫീസുകളിലും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന  ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, റേഡിയോ, ഡിവിഡി, സിഡി , ഗെയിമിങ് കണ്‍സോളുകള്‍, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പ്, കീബോര്‍ഡ്, മൗസ്, ഹെഡ്ഫോണ്‍, വെബ് ക്യാമറ, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഡാറ്റ കേബിളുകള്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ബ്രെഡ് ടോസ്റ്റര്‍, മിക്സര്‍-ഗ്രൈന്‍ഡര്‍, ഫ്രിഡ്ജ്, എല്‍ഇഡി ബള്‍ബുകള്‍, ഹൈഡ്രജന്‍ ലാമ്പുകള്‍, റീചാര്‍ജബിള്‍ ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍, ഇന്‍വെര്‍ട്ടര്‍, വൈദ്യുത കണക്ഷന്‍ കേബിളുകള്‍, ക്യാമറകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow