ടെക്നിക്കല്‍ അസിസ്റ്റന്റ് വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു: ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് പരാതി നല്‍കി
ടെക്നിക്കല്‍ അസിസ്റ്റന്റ് വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു: ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് പരാതി നല്‍കി

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ടെക്നിക്കല്‍ അസിസ്റ്റന്റ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വ്യാജരേഖ നിര്‍മിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി. ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതി റജിസ്ട്രാര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് പരാതി നല്‍കിയത്. താല്‍ക്കാലിക ടെക്നിക്കല്‍ അസിസ്റ്റന്റിനെ കൃത്യനിര്‍വഹണത്തിലെ വീഴ്ച ആരോപിച്ച് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ നിയമനടപടിയിലൂടെ 2024 ജൂണില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. എന്നാല്‍ കരാര്‍ പുതുക്കാതെ ഇയാള്‍ അനധികൃതമായി ശമ്പളം കൈപ്പറ്റിയതായി കണ്ടെത്തിയതോടെ മുഴുവന്‍ ശമ്പളവും തിരിച്ചുപിടിക്കാന്‍ ഭരണ സമിതി തീരുമാനമെടുത്തു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ജില്ലാ അപ്രൈസല്‍ കമ്മിറ്റിയെ സ്വാധീനിച്ചും ഇയാള്‍ ജോലിയില്‍ തിരികെ കയറിയതിന്റെ രേഖകള്‍ കൈവശമുണ്ടെന്ന് ജെയിംസ് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 7ന് ചേര്‍ന്ന ഭരണസമിതി തീരുമാനം എന്ന പേരില്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജരേഖയാണ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് അസിസ്റ്റന്റ് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിന്റെ ഔദ്യോഗിക സീലോടെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഭരണസമിതി തീരുമാനം ഇപ്പോഴും പ്രസിഡന്റായ താന്‍ അംഗീകരിച്ചിട്ടില്ല. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ പഞ്ചായത്തു ഡയറക്ടര്‍, കലക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസിഡന്റ് ആരോപിച്ചു.
What's Your Reaction?






