ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്
ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്

ഇടുക്കി: ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി ആദ്യതവണ നിയമസഭയില്‍ എത്തിയത് ഇരട്ട വോട്ട് നേടിയതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രം പതിനായിരലേറെ ഇരട്ട വോട്ടര്‍മാരുണ്ടെന്നും തമിഴ് തൊഴിലാളികളുള്ള ഇടുക്കിയിലെ മറ്റ് മണ്ഡലങ്ങളിലും ഇരട്ട വോട്ടര്‍മാരുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി തവണ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കുകയും ഇരട്ടവോട്ടുകള്‍ ചൂണ്ടി കാട്ടുകയും ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല.
2016 ല്‍ എം എം മണി കോണ്‍ഗ്രസിലെ സേനാപതി വേണുവിനെ പരാജയപെടുത്തി നിയമസഭയില്‍ എത്തിയത് 1109 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടില്‍ വോട്ടുള്ള ഇരട്ട വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കാനായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ എത്തിച്ചതായി കോണ്‍ഗ്രസ് അന്നേ ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ അവസാന മണിക്കൂറുകളില്‍ എം എം മണിയുടെ നേതൃത്വത്തില്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ അടക്കം സിപിഐഎം പ്രവര്‍ത്തകര്‍ നിന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ കേരളത്തിലേക്ക് കടത്തി വിടുകയായിരുന്നുവെന്നാണ് ആരോപണം. ജില്ലയിലെ സ്ഥിരം തോട്ടം തൊഴിലാളികള്‍ക്ക് പുറമെ താല്‍ക്കാലികമായി വന്ന് മടങ്ങുന്നവരെയും വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇരു സംസ്ഥാനങ്ങളിലും ഒരേ സമയം വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇരട്ട വോട്ടര്‍മാരെ മഷി മായിച്ചു കേരളത്തില്‍ എത്തിക്കുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു
What's Your Reaction?






