വട്ടവട നീലക്കുറിഞ്ഞി ഉദ്യാനം: പട്ടയഭൂമി അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി
വട്ടവട നീലക്കുറിഞ്ഞി ഉദ്യാനം: പട്ടയഭൂമി അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി
ഇടുക്കി: വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് സൂചന. ഒരു പ്രത്യേക സസ്യത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കുന്ന ദേശീയോദ്യാനമാണിത്. ഇതിനായി പട്ടയ ഭൂമി അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. 2006ലാണ് നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം പ്രഖ്യാപനം നടത്തിയത്. 2007 ഡിസംബറില്‍ ഉദ്യാനം ഉള്‍പ്പെടുന്ന ഭൂമിയുടെ സര്‍വേ നമ്പരുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വട്ടവടയിലും കൊട്ടാക്കമ്പൂരുമായി ദേവികുളം താലൂക്കില്‍ ഏകദേശം 8000 ഏക്കറില്‍ 58,62 ബ്ലോക്കുകളിലെ റവന്യൂ, വനം വകുപ്പ് ഭൂമിയിലാണ് ഉദ്യാനം ഒരുക്കുന്നത്. ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി നിര്‍ണയിച്ച് സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രഖ്യാപനം നടത്തി 10 വര്‍ഷത്തിനുശേഷമാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. 2017ല്‍ മൂന്നംഗം മന്ത്രിതല സംഘം പ്രദേശം സന്ദര്‍ശിക്കുകയും ഇവിടുത്തെ പട്ടയഭൂമി ഉദ്യാനത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിരുന്നു. നിലവില്‍ പ്രദേശത്ത് കാര്യമായി നീലക്കുറിഞ്ഞിയില്ല. വട്ടവട, കൊട്ടാക്കമ്പൂര്‍, കമ്പക്കല്ല്, കടവരി എന്നി യൂക്കാലി തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിയിലെ യൂക്കാലി മരങ്ങള്‍ വെട്ടിനീക്കിയതിനുശേഷം നീല കുറിഞ്ഞി വച്ചുപിടിപ്പിച്ചാല്‍ മാത്രമേ ഉദ്യാനം യാഥാര്‍ത്ഥ്യമാകു. എന്നാല്‍ ഉദ്യാന ഭൂമിയില്‍ പട്ടയഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 450 ലധികം ആളുകള്‍ പരാതിയും നല്‍കി. നാട്ടുകാര്‍ ഭൂസംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. സബ് കലക്ടര്‍ പലതവണ സിറ്റിങ് നടത്തിയെങ്കിലും പരാതികള്‍ പൂര്‍ണമായി പരിഹരിക്കാനും കഴിഞ്ഞിരുന്നില്ല. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ വനം വകുപ്പ് അധികാരം സ്ഥാപിച്ചതോടെ കര്‍ഷകരുടെ പട്ടയഭൂമിയിലും പഞ്ചായത്തിന്റെ റോഡ്, പാലം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും വനംവകുപ്പ് തടഞ്ഞിരുന്നു. പട്ടയ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും.
What's Your Reaction?

