ഹൈറേഞ്ചില്‍ ഹൃദയ ചികിത്സാ സൗകര്യം കൈയെത്താദൂരത്ത്
ഹൈറേഞ്ചില്‍ ഹൃദയ ചികിത്സാ സൗകര്യം കൈയെത്താദൂരത്ത്

ഇടുക്കി: ഹൈറേഞ്ച് മേഖലയില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഹൃദയ ചികിത്സയ്ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ല രൂപീകൃതമായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനവാസം വര്‍ധിച്ചിട്ടും ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ക്ക് ഹൃദയ ചികിത്സാ സൗകര്യം ഇപ്പോഴും അന്യമാണ്. അടിയന്തര സൗഹചര്യങ്ങളില്‍ ഇവിടുത്തുകാര്‍ കോട്ടയം, എറണാകുളം ഉള്‍പ്പെടെയുള്ള അയല്‍ ജില്ലകളെയാണ് ആശ്രയിക്കുന്നത്. ഇതിന് കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്രക്കിടയില്‍ ഹൃദയമിടിപ്പ് നിലച്ച് പോകുന്നവരുണ്ട്. വട്ടവട, മറയൂര്‍, ഇടമലക്കുടി, മൂന്നാര്‍ മേഖലയിലെ ആളുകള്‍ക്ക് രോഗികളുമായി അടിമാലിയില്‍ എത്തണമെങ്കില്‍ തന്നെ മുപ്പത് മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കണം. അടിമാലിയില്‍നിന്ന് അയല്‍ ജില്ലകളില്‍ എത്തണമെങ്കില്‍ പിന്നെയും സഞ്ചരിക്കണം നൂറ് കിലോമീറ്ററിന് മുകളില്‍. ഹൃദയ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു രോഗിക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഹൈറേഞ്ചുകാര്‍ക്ക് അതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്നത് രോഗികളുടെ ബന്ധുമിത്രാദികള്‍ക്ക് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല. ഹൃദയ ചികിത്സ തേടിയുള്ള യാത്രക്കായി വേണ്ടുന്ന സമയത്തിനും ദൂരത്തിനുമൊപ്പം സാധാരണക്കാര്‍ കണ്ടെത്തേണ്ടി വരുന്ന അധിക സാമ്പത്തിക ചിലവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈറേഞ്ച് മേഖലയില്‍ തന്നെ കാര്‍ഡിയോളജി ചികിത്സക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജിക്കുന്നത്.
What's Your Reaction?






