കട്ടപ്പന ഇരട്ടക്കൊലപാതകം: മൂന്നാംപ്രതി സുമയെ അറസ്റ്റ് ചെയ്തു
കട്ടപ്പന ഇരട്ടക്കൊലപാതകം: മൂന്നാംപ്രതി സുമയെ അറസ്റ്റ് ചെയ്തു

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ(57) യുടെ അറസ്റ്റ് രേഖപ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലായിരുന്ന ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ വിജയന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരുടെ മാനസികനിലതെറ്റിയതിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.തുടര്‍ന്ന് കൗണ്‍സിലിംഗ് നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചത്.വിജയനെ കൊന്ന് കുഴിച്ചു മൂടുവാന്‍ ഭാര്യയും കൂട്ട്‌നിന്നതിനാണ് കേസില്‍ മൂന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടത്.2023 ലാണ് വാക്ക്തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് വിജയനെ ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന പുത്തന്‍പുരക്കല്‍ നിതീഷ് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയത്.തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു മൃതദേഹം മറവ് ചെയ്യുകയായിരുന്നു.മാര്‍ച്ച് 2 ന് കട്ടപ്പനയില്‍ വര്‍ക്ക്‌ഷോപ്പില്‍ നടന്ന മോഷണ കേസിന്റെ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകത്തിലേക്ക് പോലീസ് എത്തിയത്.2016 ല്‍ വിജയന്റെ മകള്‍ക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്.ഈ കേസില്‍ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയന്‍ രണ്ടാം പ്രതിയുമാണ്.വിജയനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിഷ്ണുവാണ് രണ്ടാം പ്രതി.കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന കേസിലും ഇയാള്‍ക്ക് പങ്കുണ്ട്.കേസിന്റെ തുടരന്വേഷണത്തിന് ആവശ്യമെങ്കില്‍ മൂന്ന് പേരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എന്‍.സുരേഷ്‌കുമാര്‍ പറഞ്ഞു.നിതീഷിനെതിരെ കൊലക്കുറ്റങ്ങള്‍ക്ക് പുറമെ മറ്റ് മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
What's Your Reaction?






