കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിധീഷ്(രാജേഷ്-31), കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന്‍(27) എന്നിവരുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. ഇരുവരെയും കട്ടപ്പന ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതികളെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും പ്രത്യേക അന്വേഷണ സംഘവും രണ്ടുദിവസങ്ങളിലായി മണിക്കൂറുകളോളം ചോദ്യം ചെയ്തു. മറവുചെയ്ത നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചശേഷം ഒഴുക്കിക്കളഞ്ഞുവെന്ന മൊഴിയില്‍ ഇരുവരും ഉറച്ചുനില്‍ക്കുകയാണ്.
വിഷ്ണുവിന്റെ അച്ഛന്‍ വിജയനെ(65) കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കക്കാട്ടുകടയിലെ വാടക വീട്ടില്‍ ഇരുവരെയും എത്തിച്ച് തെളിവെടുത്തിരുന്നു. രണ്ടുകൊലപാതകവും നടത്തിയത് നിതീഷാണെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയതാണെന്നുമാണ് വിഷ്ണുവിന്റെ മൊഴി. മൃതദേഹം മറവുചെയ്ത സ്ഥലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി സമീപത്തുനിന്ന് മണലും ഇരുപതേക്കറിലെ കടയില്‍ നിന്ന് സിമന്റും പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഇവിടങ്ങളിലും തെളിവെടുപ്പ് നടത്തി.
What's Your Reaction?






