ഭൂനിയമ ഭേദഗതി ചട്ടത്തിലെ ക്രമവല്‍ക്കരിക്കല്‍: സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ പണപ്പിരിവെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഭൂനിയമ ഭേദഗതി ചട്ടത്തിലെ ക്രമവല്‍ക്കരിക്കല്‍: സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ പണപ്പിരിവെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: മന്ത്രിസഭാ യോഗത്തില്‍, 1964 പട്ടയ വസ്തുവില്‍ വ്യവസ്ഥകള്‍ ലംഘിച്ച് എന്ന പേരില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചവ ക്രമവല്‍ക്കരിക്കാന്‍ പ്രത്യേക വകുപ്പുകള്‍കൂട്ടി ചേര്‍ത്തുള്ള ചട്ടം ഭേദഗതിക്ക് അംഗീകാരം നല്‍കിയതില്‍ വന്‍ പണപ്പിരിവ് ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. അനുമതിയോടെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തിയുള്ള ക്രമവല്‍ക്കരണം അന്യായമാണ്. ഫീസ് നിര്‍ണയിക്കുന്ന ഉദ്യോഗസ്ഥര്‍ വന്‍ പണപ്പിരിവും നടത്തും. സിപിഐ എം നേതാക്കളും ഉന്നത നേതൃത്വവും അതിന്റെ പങ്കുപറ്റുകയും ചെയ്യുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
2019 ഓഗസ്റ്റ് 23ന് പട്ടയ വസ്തുവില്‍ മറ്റ് നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്നും അങ്ങനെ നിര്‍മിച്ചിട്ടുള്ളവ കണ്ടുകെട്ടി പാട്ടത്തിനു നല്‍കുമെന്നുമുള്ള തീരുമാനമാണ് കരിനിയമമായി അടിച്ചേല്‍പ്പിച്ചത്. യാതൊരു തടസവുമില്ലാതെ നിര്‍മാണം നടക്കുന്ന ഘട്ടത്തിലാണ് അനാവശ്യമായി സര്‍ക്കാര്‍ ഇടപ്പെട്ട് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്. തുടര്‍ന്ന് കാലാനുസൃതമായ നിയമഭേദഗതിയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് ജനത്തെ കബളിപ്പിച്ചുതുടങ്ങി.
പണം പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫും നിയമസഭയില്‍ വ്യക്തമാക്കിയതാണ്. 6 പതിറ്റാണ്ടായുള്ള പ്രതിസന്ധി പരിഹരിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍, ഒരു പ്രതിസന്ധിയും ഇല്ലാതിരുന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കി ജനത്തെ കുഴപ്പത്തിലാക്കിയതിന്റെ ക്രഡിറ്റും മുഖ്യമന്ത്രിക്ക് സ്വന്തമാണ്. ഒരുതരത്തിലും ഫീസ് ഈടാക്കുന്നതിനോട് യോജിപ്പില്ല. വിജ്ഞാപനം പുറത്തിറങ്ങിയ 2024 ജൂണ്‍ 7 വരെയുള്ള നിര്‍മാണങ്ങള്‍ക്ക് മാത്രം ക്രമവല്‍ക്കരണവും തുടര്‍ന്നങ്ങോട്ട് പട്ടയ വസ്തുവില്‍ മറ്റ് നിര്‍മാണങ്ങള്‍ പാടില്ലെന്നുമാണ് മന്ത്രിസഭാ അംഗീകാരം വന്നിരിക്കുന്നത്. യഥാര്‍ഥത്തില്‍ പട്ടയ വസ്തുവില്‍ കാലാനുസൃതമായ നിര്‍മാണങ്ങള്‍ അനുവദിക്കുമെന്ന ഭേദഗതി ചട്ടങ്ങളില്‍ വരുത്തേണ്ടിടത്ത്, കൂടുതല്‍ സങ്കീര്‍ണമാക്കി, ഭാവിയില്‍ സമ്പൂര്‍ണമായ നിര്‍മാണ നിരോധനവും അടിച്ചേല്‍പ്പിച്ച സര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്നും അന്യായമായ ചട്ടഭേദഗതി പിന്‍വലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






