ചെമ്മണ്ണാറില്‍ ഇലക്ട്രിക് ഏലക്ക ഡ്രയറിന്റെ പേരില്‍ തട്ടിപ്പ്: ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ
ചെമ്മണ്ണാറില്‍ ഇലക്ട്രിക് ഏലക്ക ഡ്രയറിന്റെ പേരില്‍ തട്ടിപ്പ്: ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ

ഇടുക്കി: ചെമ്മണ്ണാറില്‍ ഇലക്ട്രിക് ഏലക്ക ഡ്രയറിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് വയോധികരായ ദമ്പതികള്‍ക്ക് 6 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി. ചെമ്മണ്ണാര്‍ വെട്ടുകാട്ടില്‍ ടോമി ജോര്‍ജും ഭാര്യ സെലിനുമാണ് തട്ടിപ്പിനിരയായത്. കര്‍ഷകരായ ഇവര്‍ വര്‍ഷങ്ങളായി ഏലക്ക സ്റ്റോറും നടത്തുന്നുണ്ട്. വിറക് ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഡ്രയറിന് പകരമായി കഴിഞ്ഞ വര്‍ഷമാണ് ഇലക്ട്രിക് ഡ്രയര്‍ സ്ഥാപിച്ചത്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രോ ത്രീസ്റ്റാര്‍ എന്ന കമ്പനിയുടെ ഉപകരണമാണ് വാങ്ങിയത്. എന്നാല്‍ ഏലക്ക കൃത്യമായ അനുപാതത്തില്‍ ഇതില്‍ ഉണങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. വ്യവസായ വകുപ്പിന്റെ സഹായത്തോടെ ബാങ്ക് വായ്പയും തരപെടുത്തി 6.19 ലക്ഷം രൂപ മുടക്കിയാണ് ഇവര്‍ ഇലക്ട്രിക് ഡ്രയര്‍ സ്ഥാപിച്ചത്. ഉപകരണം കൃത്യമായി പ്രവര്‍ത്തിക്കാതെ വന്നതോടെ കമ്പനി അധികൃതര്‍ എത്തി ഉപകരണത്തിന്റെ ഭാഗങ്ങള്‍ അഴിച്ചു മാറ്റി വെച്ചു. ഡ്രയര്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് ബാങ്ക് അധികൃതരും എത്തി വിലയിരുത്തി. എന്നാല്‍ പണം ഇതുവരെയും പൂര്‍ണമായി മടക്കി നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. ജിഎസ്ടി ഇനത്തില്‍ നല്‍കിയ ഒരുലക്ഷം രൂപ മടക്കി നല്‍കില്ലെന്നാണ് കമ്പനിയുടെ നിലപാട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാസങ്ങളോളം നിലച്ചതിനൊപ്പമാണ് ഈ തുകയും നഷ്ടമാകുന്ന സാഹചര്യമുള്ളത്. കമ്പനി പണം തിരികെ ബാങ്കിലേക്ക് അടയ്ക്കാത്തതിനാല്‍ മാസം തോറും 10000 രൂപ ഇവര്‍ ഇഎംഐയും അടക്കുന്നുണ്ട്. ഇതേ കമ്പനിയുടെ ഉപകരണം വാങ്ങിയ നിരവധി കര്‍ഷകര്‍ക്ക് സാമാന അനുഭവം ഉണ്ടായിട്ടുണ്ട്.
What's Your Reaction?






