മൂന്നാറിലെ റിസോര്‍ട്ടില്‍ മോഷണം നടത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍
മൂന്നാറിലെ റിസോര്‍ട്ടില്‍ മോഷണം നടത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഇടുക്കി: മൂന്നാര്‍ പള്ളിവാസല്‍ റിസോര്‍ട്ടുമുറിയില്‍ മോഷണം നടത്തി മുങ്ങിയ പ്രതിയെ പൊലീസ് തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ കോട്ട ജില്ലയില്‍ വിജിയ നഗറില്‍ അജയ് രവീന്ദ്രനാണ് പിടിയിലായത്. മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതി പിടിയിലായത്. വെള്ളിയാഴ്ച്ച രാവിലെയാണ് പള്ളിവാസല്‍ മൂലക്കടയിലുളള റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഡിണ്ടുക്കല്‍ സ്വദേശി ജാഫര്‍ സാദിഖിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്, ഐഫോണ്‍, എടിഎം കാര്‍ഡുകള്‍, വില കൂടിയ വാച്ച് എന്നിവ മോഷണം പോയത്.
പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് ഇയാള്‍ മോഷണ വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷണം ശേഷം കടന്നുകളഞ്ഞ പ്രതി എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 1.81 ലക്ഷം രൂപയും പിന്‍വലിച്ചിരുന്നു. ഡിണ്ടുക്കല്‍ സ്വദേശിയുമായി പ്രതി ചങ്ങാത്തം കൂടുകയും എടിഎം പിന്‍ നമ്പറടക്കം മനസിലാക്കി വയ്ക്കുകയും ചെയ്തിരുന്നു. പരാതി ലഭിച്ച ഉടന്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇതെ റിസോര്‍ട്ടിലെ മറ്റൊരു മുറിയില്‍ തനിച്ചുതാമസിച്ചിരുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് ആദ്യം തിരിച്ചറിയുകയായിരുന്നു. 6 ലക്ഷം രൂപയുടെ നഷ്ടമാണ് ജാഫര്‍ സാദിഖിനുണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ എസ്എച്ച്ഒ ബിനോദ് കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.പി.അനില്‍കുമാര്‍, എസ്‌ഐ പങ്കജ് കൃഷ്ണ, എസ്‌സിപിഒമാരായ എം.മണികണ്ഠന്‍, ഹിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






