കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പിലെ വീട്ടമ്മയുടെ സമരം: അടിയന്തര നടപടിയുണ്ടാകണം യൂഡിഎഫ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി
കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പിലെ വീട്ടമ്മയുടെ സമരം: അടിയന്തര നടപടിയുണ്ടാകണം യൂഡിഎഫ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന വീട്ടമ്മയുടെ സമരം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂഡിഎഫ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി. കാന്‍സര്‍ രോഗിയും നിര്‍ധനയുമായ കോഴിമല സ്വദേശിനി പുതുപ്പറമ്പില്‍ ഓമന കെബി (വീണ ഷാജി) കഴിഞ്ഞ 29 മുതല്‍ കാഞ്ചിയര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിരാഹാര സമരത്തിലാണ്. പിഎംഎവെ പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിക്ഷേധിച്ചാണ് സമരം. ഇവരുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുമ്പോഴും നടപടിയെടുക്കാന്‍ സര്‍ക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ തയ്യാറാകാത്തത് പ്രതിക്ഷേധാര്‍ഹമാണ്. കോഴിമല മേഖലയില്‍ ഓമന ഉള്‍പ്പെടെ 21 പേര്‍ക്കാണ് വീടുകള്‍ ലഭിക്കാത്തത്. നിലവിലുണ്ടായിരുന്ന വീടുകള്‍ പൊളിച്ചുമാറ്റി പ്ലാസ്റ്റിക് മറക്കുള്ളിലാണ് നിര്‍ധന കുടുംബങ്ങള്‍ കഴിയുന്നത്. സ്ഥലം എംഎല്‍എയും, മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ പല പ്രാവശ്യം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്ഥലത്തെത്തിയിട്ടും നിരാഹാരം നടത്തുന്ന വീട്ടമ്മയെ നേരില്‍ കാണാന്‍ മന്ത്രി തയ്യാറായിട്ടുമില്ല. ഉടനെ തന്നെ വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീട് പണിയുന്നതിന് അനുമതി നല്‍കണം, രോഗിയായ വീട്ടമ്മ നടത്തുന്ന സമരത്തില്‍ മനുഷ്യാവകാശ, വനിതാ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി യൂഡിഎഫ് രംഗത്ത് വരുമെന്ന് മണ്ഡലം ചെയര്‍മാന്‍ അനീഷ് മണ്ണൂര്‍, സിബി ഈഴക്കുന്നേല്‍, അഗസ്റ്റിന്‍ പ്ലാത്തറമുറിയില്‍, പഞ്ചായത്തംഗങ്ങളായ ജോമോന്‍ തെക്കേല്‍, ഷാജിമോന്‍ വേലംപറമ്പില്‍, സന്ധ്യ ജയന്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






