ഭൂനിയമ ഭേദഗതി മൗലികാവകാശം നിഷേധിക്കുന്നത്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് സമരം 15ന്: കട്ടപ്പനയില്‍ 11ന് വിശദീകരണ യോഗം
ഭൂനിയമ ഭേദഗതി മൗലികാവകാശം നിഷേധിക്കുന്നത്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടറിയേറ്റ് സമരം 15ന്: കട്ടപ്പനയില്‍ 11ന് വിശദീകരണ യോഗം
ഇടുക്കി: ആളുകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഭൂനിയമ ഭേദഗതിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി 15ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും. ഇതിന് മുന്നോടിയായി കട്ടപ്പന യൂണിറ്റ് 11ന് വൈകിട്ട് നാലിന് ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ നേതാക്കളും നിയമവിദഗ്ധരും പങ്കെടുക്കുന്ന വിശദീകരണ യോഗവും നടത്തും. യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, വൈസ് പ്രസിഡന്റ് പി എം ബേബി, ഡയസ് ജോസ്, നിയമവിദഗ്ധന്‍ അഡ്വ. ജോമോന്‍ കെ ചാക്കോ എന്നിവര്‍ സംസാരിക്കും.
ഭൂനിയമ ഭേദഗതി ചട്ടം ജനവിരുദ്ധവും വന്‍ അഴിമതിക്ക് കളമൊരുക്കുന്നതുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ നിയമത്തെയും ഭരണഘടനയേയും ചോദ്യം ചെയ്യുന്ന ചട്ടം പുനപരിശോധിക്കുക, പുതിയ നിര്‍മിതികള്‍ അനുവദിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ച് നിര്‍മാണ നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വര്‍ഷങ്ങളായി കൈവശത്തിലുള്ള പട്ടയഭൂമിയില്‍ നിയമാനുസൃതമായി പെര്‍മിറ്റ് എടുത്ത് നിര്‍മിച്ചതും സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ നികുതിയും അടച്ചുപോരുന്നതുമായ കെട്ടിടങ്ങള്‍ നിയമപരമല്ലെന്നാണ് പുതിയ ചട്ടം. ജില്ലയില്‍ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടെ ഇനിയും പട്ടയം ലഭിക്കാനുള്ള ആളുകള്‍ക്ക് അവരുടെ ഭൂമിയും അതിലുള്ള കെട്ടിടങ്ങളും ഈ ചട്ടത്തിലൂടെ നിയമവിരുദ്ധമായി മാറിയിരിക്കുന്നു. ജില്ലയില്‍ നടപ്പാക്കിയ നിര്‍മാണ നിരോധനം നീക്കാന്‍ ഭേദഗതിയില്‍ നടപടിയില്ല.
ഭൂപതിവ് നിയമത്തില്‍ 2024 ഏപ്രില്‍ 26ല്‍ വരുത്തിയ ഭേദഗതിപ്രകാരം നാലാം സെക്ഷനില്‍ പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും വീടിനും എന്നുപറയുന്ന ഭാഗത്ത് കൃഷി-ഭവന ആവശ്യങ്ങള്‍ എന്നതിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന കാര്യം കൂടി ഉള്‍പ്പെടുത്തി ചട്ടം തയാറാക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു. എന്നാല്‍ വലിയ പിഴ ഈടാക്കാന്‍ മാത്രമായി ചട്ടം ഉണ്ടാക്കിയിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സാജന്‍ ജോര്‍ജ്, ജോഷി കുട്ടട, കെ പി ബഷീര്‍, സിജോമോന്‍ ജോസ്, അഡ്വ. എം കെ തോമസ്, ടി എം ജോമോന്‍, ജി രാജേന്ദ്രക്കുറുപ്പ്, ഷമേജ് കെ ജോര്‍ജ്, ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ ജെ തോമസ്, രമണന്‍ പി വി, സിബി എസാര്‍, സാജു പട്ടരുമഠം, അനില്‍ എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

