ഭൂനിയമ ഭേദഗതി: കട്ടപ്പന ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷൻ കണ്‍വന്‍ഷന്‍ ഇന്ന്
ഭൂനിയമ ഭേദഗതി: കട്ടപ്പന ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷൻ കണ്‍വന്‍ഷന്‍ ഇന്ന്

ഇടുക്കി: ജില്ലയിലെ മലയോര കര്‍ഷകരെയും സംരംഭകരെയും രണ്ടാംതരം പൗരന്‍മാരാക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുന്ന വികലമായ നിയമങ്ങളും ചട്ടങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് വെള്ളയാംകുടി കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ കണ്‍വന്‍ഷന്‍ നടത്തും. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എല്ലാ കെട്ടിട ഉടമകളും വസ്തു ഉടമകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്‍. അസോസിയേഷന്‍ പ്രസിഡന്റ് സിബി കൊല്ലംകുടി അധ്യക്ഷത വഹിക്കും. അതിജീവന പോരാട്ടവേദി ജില്ലാ ചെയര്‍മാന്‍ റസാഖ് ചൂരവേലി ഉദ്ഘാടനം ചെയ്യും. നിയമ വിദഗ്ദരായ അഡ്വ. ജോണി കെ. ജോര്‍ജ്, അഡ്വ. ഷാജി കുര്യന്‍ കുടവനപ്പാട്ട്, അഡ്വ. ജോമോന്‍ കെ. ചാക്കോ, മാധ്യമ പ്രവര്‍ത്തകന്‍ കെ.എസ്. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിക്കും. നിയമസഭ 2023ല്‍ പാസാക്കിയ ഭൂനിയമവും 2025 ഓഗസ്റ്റ് മാസം പുറത്തിറക്കിയ ചട്ടങ്ങളും പ്രകാരം ഇടുക്കി ജില്ലയിലെ ചെറുതും വലുതുമായ എല്ലാ വാണിജ്യ നിര്‍മിതികള്‍ക്കും കെട്ടിടങ്ങള്‍ ഇല്ലാത്ത വാണിജ്യ പ്രാധാന്യമുള്ള ഭൂമിക്കും ക്രമവല്‍ക്കരണം എന്ന ഓമന പേരില്‍ ഭീമമായ തുക പിഴ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 2019 മുതല്‍ തുടരുന്ന നിര്‍മാണ നിരോധന ഉത്തരവിന് ഇതുവരെയും പരിഹാരവും ഉണ്ടാക്കിയിട്ടില്ല. കട്ടപ്പന നഗരത്തിലെ താരിഫ് വില സെന്റിന് രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ്. താരിഫ് വില അടിസ്ഥാനമാക്കിയുള്ള പിഴ ചുങ്കം ചെറിയ കെട്ടിടങ്ങള്‍ക്ക് പോലും ലക്ഷങ്ങളുടെ ബാധ്യത വരുത്തി വയ്ക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അസോസിയേഷന്‍ പ്രസിഡന്റ് സിബി കൊല്ലംകുടി, ട്രഷറര്‍ സേവ്യര്‍ ജോസഫ്, കെ.പി. ഹസന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






