ഭൂനിയമ ഭേദഗതി: വ്യാജപ്രചാരണത്തിലൂടെ കോണ്‍ഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു: കേരള കോണ്‍ഗ്രസ് എം
ഭൂനിയമ ഭേദഗതി: വ്യാജപ്രചാരണത്തിലൂടെ കോണ്‍ഗ്രസ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു: കേരള കോണ്‍ഗ്രസ് എം

ഇടുക്കി: ഭൂനിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന യാഥാര്‍ഥ്യം ജനങ്ങളില്‍ എത്താതെയിരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും വ്യാജപ്രചാരണം നടത്തുകയാണെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി. എല്‍ഡിഎഫ് സര്‍ക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. 1964ലെ പട്ടയഭൂമിയില്‍ വാണിജ്യാവശ്യത്തിനായി കെട്ടിടം നിര്‍മിച്ചിട്ടുണ്ടെന്നും പട്ടയം റദ്ദാക്കി കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സിനെയും കോടതിയെയും സമീപിച്ചത് കോണ്‍ഗ്രസാണ്. നിര്‍മാണ നിരോധനമുണ്ടെങ്കില്‍ സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരായത് മാത്യു കുഴല്‍നാടനാണ്. ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയ കരിനിയമങ്ങളെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണെന്നും നേതാക്കള്‍ പറഞ്ഞു. എന്നാൽ, പുതിയ ഭൂനിയമഭേദഗതി ചട്ടപ്രകാരം നിലവിലുള്ള വീടുകള്‍ ക്രമവല്‍ക്കരിക്കേണ്ടതില്ലെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളോടുചേര്‍ന്നുള്ള ഹോം സ്റ്റേ, ചെറുകിട വാണിജ്യ സംരംഭങ്ങള്‍ എന്നിവ മാത്രമേ 50 രൂപ അപേക്ഷ ഫീസ് അടച്ച് ക്രമവല്‍ക്കരിക്കേണ്ടതുള്ളൂ. നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണയിലിരിക്കുന്ന ചട്ടരൂപീകരണ നടപടിക്രമങ്ങളില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ട്.
നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നതിനും പുതിയ നിര്‍മിതികള്‍ക്ക് അനുമതി നല്‍കാനുമുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാക്കുന്നേല്‍, അഡ്വ. മനോജ് എം തോമസ്, റെജി കുന്നംകോട്ട്, ജിന്‍സണ്‍ വര്‍ക്കി, ഷാജി കൂത്തോടിയില്‍, ബിജു വാഴപ്പനാടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






