ഭൂനിയമ ഭേദഗതി പുതിയ ചട്ടം ഈമാസം പ്രാബല്യത്തില്‍ വന്നേക്കും
ഭൂനിയമ ഭേദഗതി പുതിയ ചട്ടം ഈമാസം പ്രാബല്യത്തില്‍ വന്നേക്കും

ഇടുക്കി: നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്ന ഭൂനിയമ ഭേദഗതിയുടെ പുതിയചട്ടം ഈമാസം വിജ്ഞാപനം ചെയ്തേക്കും. കഴിഞ്ഞ 27നാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. തുടര്‍ന്ന് നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു കൈമാറിയ ചട്ടത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. പുതിയ ചട്ടപ്രകാരം 2024 ജൂണ്‍ 7 വരെയുള്ള ചട്ടലംഘന നിര്‍മാണങ്ങള്‍ ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കും. തുടര്‍ന്നുള്ള ചട്ടലംഘന നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനും ഭൂപതിവ് ചട്ടമുള്‍പ്പെടെ 13 ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമി, മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനും രണ്ടാമത്തെചട്ടം കൂടി പ്രാബല്യത്തില്‍ വരണം. ഈചട്ടവും മന്ത്രിസഭ പരിഗണിച്ചശേഷം സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്തിമമായി വിജ്ഞാപനം ചെയ്യപ്പെടണം.
പുതിയ ചട്ടത്തിന്റെ കരട് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. നിലവില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ടത്തിന്റെ റവന്യു, നിയമ വകുപ്പുകള്‍ തയാറാക്കിയ കരടാണ് ചില കര്‍ഷക സംഘടനകള്‍ പുറത്തുവിട്ടത്. റവന്യു വകുപ്പില്‍നിന്ന് തന്നെ ചോര്‍ന്നു കിട്ടിയ 14 പേജുകളുള്ള കരട് ചട്ടത്തില്‍നിന്ന് ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് മന്ത്രിസഭ അംഗീകരിച്ച ചട്ടത്തിലുള്ളതെന്നാണ് ആക്ഷേപം. പുതിയ ചട്ടത്തില്‍ 1500 ചതുരശ്രയടി വരെയുള്ള നിര്‍മാണങ്ങള്‍ കോംപൗണ്ട് ഫീസ് ഇല്ലാതെ ക്രമവല്‍ക്കരിക്കാമെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച ചട്ടത്തില്‍ 3000 ചതുരശ്രയടി വരെയുള്ള നിര്‍മാണങ്ങളാണ് ഫീസില്ലാതെ ക്രമവല്‍ക്കരിക്കാന്‍ നിര്‍ദേശമുള്ളത്. ഈനിര്‍ദേശവും ക്രമവല്‍ക്കണത്തിലുള്ള ഫീസുകളില്‍ വ്യതിയാനം വരുത്തിയതും മാത്രമാണ് പുതിയതും കരടും തമ്മിലുള്ള വ്യത്യാസമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. സൗജന്യമായി 3000 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാമെന്ന് പറയുമ്പോള്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു.
What's Your Reaction?






