ഭൂനിയമ ഭേദഗതി ചട്ടം: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് എം വിജയകുമാര്‍
ഭൂനിയമ ഭേദഗതി ചട്ടം: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് എം വിജയകുമാര്‍

ഇടുക്കി: ഭൂനിയമ ഭേദഗതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍. എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത കര്‍ഷക സമിതി ലബ്ബക്കടയില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫും ബിജെപിയും ചില അരാഷ്ട്രീയ സംഘടനകളും നടത്തുന്ന അപവാദ പ്രചാരണം ജനം തള്ളിക്കളയും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടരുതെന്നാണ് ഇവരുടെ താല്‍പര്യം. ഇതിനായി വ്യാജപ്രചാരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ടം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനുപകരം ഇവര്‍ രാഷ്ട്രീയ ലാഭത്തിനായി വിവാദമുണ്ടാക്കുന്നു.
യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കരിനിയമങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിവച്ച കോടതി വ്യവഹാരങ്ങളും മറികടക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി ബില്‍ പാസാക്കിയത്. സാധാരണക്കാരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ ചട്ടം. കൂടാതെ, വന്യജീവി സംരക്ഷണ ഭേദഗതിയിലൂടെ കര്‍ഷകരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചതായും എം വിജയകുമാര്‍ പറഞ്ഞു. പി ജെ സത്യപാലന്‍ അധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ വി ആര്‍ ശശി, കെ എന്‍ വിനീഷ്‌കുമാര്‍, സി എസ് അജേഷ്, എം വി കുര്യന്‍, ജോസ് ഞായര്‍കുളം, വി വി ജോസ്, കെ സി ബിജു, അഭിലാഷ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






