ദേശീയപാത നിര്‍മാണ നിരോധനം: ദേശീയപാത സംരക്ഷണ സമിതി വിശാല കണ്‍വന്‍ഷന്‍ ഒക്ടോബർ 2ന്
ദേശീയപാത നിര്‍മാണ നിരോധനം: ദേശീയപാത സംരക്ഷണ സമിതി വിശാല കണ്‍വന്‍ഷന്‍ ഒക്ടോബർ 2ന്

ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മാണ വിലക്ക് നീക്കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അനുകൂലമായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധവുമായി ദേശീയപാത സംരക്ഷണ സമിതി. വിഷയത്തില്‍ തുടര്‍നടപടികളും പ്രതിഷേധ പരിപാടികളും ചര്‍ച്ച ചെയ്ത് തീരുമാനം കൈകൊള്ളുന്നതിനായി അടുത്ത മാസം 2ന് അടിമാലിയില്‍ വിശാല കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് പുലര്‍ത്തുന്നുവെന്ന് സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. റോഡ് കടന്നു പോകുന്ന ഭാഗം റവന്യൂ ഭൂമിയാണെന്നതിന് എല്ലാ തെളിവുകളും കൈവശം ഉണ്ടായിട്ടും റോഡ് നിര്‍മാണം നടക്കുന്ന ഭാഗം വനമാണെന്ന് പറഞ്ഞ് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ജൂലൈ 11ന് നല്‍കിയ സത്യവാങ്മൂലമാണ് നിര്‍മാണ വിലക്കിന് കാരണമായത്. ആഗസ്റ്റ് 21ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഈ ഭാഗം വനമല്ല എന്ന് വാക്കാല്‍ പറഞ്ഞതിന് പകരം കൈവശമുള്ള റവന്യൂ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയുമായിരുന്നുവെന്നും ദേശിയപാത സംരക്ഷണ സമിതി നേതൃത്വം വ്യക്തമാക്കി.ഇക്കഴിഞ്ഞ 18ന് കോടതി കേസ് വീണ്ടും പരിഗണിച്ചിട്ടും റോഡിന് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കാത്തത് ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും നേതാക്കൾ പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട കേസ് കോടതി ഒക്ടോബർ 7ന് പരിഗണിക്കും. സര്‍ക്കാര്‍ കോടതിയില്‍ റോഡ് നിര്‍മാണത്തിനനുകൂലമായ സത്യവാങ്മൂലം നല്‍കണമെന്നാണ് ദേശിയപാത സംരക്ഷണ സമിതിയുടെ ആവശ്യം.അല്ലാത്ത പക്ഷം വിഷയത്തിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായും മറ്റിതര സംഘടനകളുമായും കൈകോര്‍ത്ത് തുടര്‍ പ്രക്ഷോഭത്തിനൊരുങ്ങാനാണ് സമിതിയുടെ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ പി എം ബേബി, റസാഖ് ചൂരവേലില്‍, പി വി സ്‌കറിയ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






