ഫുട്‌ബോളിനോടാണ് പ്രിയം: ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ മൈതാനം ഇതരസംസ്ഥാന തൊഴിലാളികളുടെ കായികലോകം
ഫുട്‌ബോളിനോടാണ് പ്രിയം: ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ മൈതാനം ഇതരസംസ്ഥാന തൊഴിലാളികളുടെ കായികലോകം

ഇടുക്കി: ഞായറാഴ്ചകളില്‍ കുമളി ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ മൈതാനത്ത് വന്‍ തിരക്കാണ്. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവിടേക്കെത്തുന്നത്. വര്‍ഷങ്ങളായി തുടരുന്ന പതിവുകാഴ്ചയാണിത്. കട്ടപ്പന, കുട്ടിക്കാനം, കുമളി, നെടുങ്കണ്ടം രാജാക്കാട് എന്നിവിടങ്ങളില്‍ നിന്നുപോലും ഇവിടേക്ക് ഞായറാഴ്ചകളില്‍ 500 ലേറെ ഇതര സംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ഫുട്‌ബോളാണ് ഇവരുടെ ഇഷ്ടവിനോദം. വിവിധ നിറത്തിലുള്ള ജേഴ്‌സികളണിഞ്ഞ് ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരങ്ങളാണ് നടത്തുന്നത്. ഒരാഴ്ചത്തെ അധ്വാനത്തിനുശേഷം പന്തുകളിക്കാനും അവധിദിനം കായിക മത്സരങ്ങള്‍ കണ്ട് ആസ്വദിക്കാനും എത്തുന്ന ഇവര്‍ പ്രദേശവാസികള്‍ക്ക് യാതൊരുവിധ ശല്യവും ഉണ്ടാക്കുന്നില്ലയെന്നുള്ളത് കൊണ്ട് നാട്ടുകാരും ഇവരുടെ മത്സരങ്ങള്‍ കാണാന്‍ എത്താറുണ്ട്. രാവിലെ 8ന് എത്തുന്ന ഇവര്‍ ഉച്ചതിരിഞ്ഞാണ് മടങ്ങിപ്പോകുന്നതും. മൈതാനത്തിന് സമീപത്തെ കടകളിലും ഇവരുടെ വരവ് കൊണ്ട് കച്ചവടവും ലഭിക്കാറുണ്ട്. പന്ത് കളിക്കുന്നതിനുള്ള പരിശീലനവും പുതുതായി എത്തുന്നവര്‍ക്ക് നല്‍കുന്നു. ക്രിക്കറ്റ് മത്സരങ്ങളും ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും ഫുട്‌ബോള്‍ തന്നെയാണ് ഇവരുടെ മുഖ്യ വിനോദം.
What's Your Reaction?






