സെല്‍വത്തിനും കുടുംബത്തിനും ഉപജീവനമാര്‍ഗമായി കട നിര്‍മിച്ച് നല്‍കി അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ
സെല്‍വത്തിനും കുടുംബത്തിനും ഉപജീവനമാര്‍ഗമായി കട നിര്‍മിച്ച് നല്‍കി അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ

ഇടുക്കി: ചക്കുപള്ളം അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ നിര്‍ധന കുടുംബത്തിന് ഉപജീവനമാര്‍ഗമായി കട നിര്‍മിച്ച് നല്‍കി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പട്ടര്‍കാല കട ഉദ്ഘാടനം ചെയ്തു. ആറാം മൈല്‍ കുങ്കിരിപെട്ടിയില്‍ നാലുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന സെല്‍വത്തിന്റെ കുടുംബത്തിനാണ് കരുതലിന്റെ കരസ്പര്‍ശമെത്തിയത്. സെല്‍വം ജീപ്പ് ഡ്രൈവറാണ്. നാലുവര്‍ഷം മുമ്പ് പെട്ടെന്ന് ഒരു ദിവസം വന്ന സ്‌ട്രോക്കാണ് കുടുംബത്തിന്റെ താളം തെറ്റിച്ചത്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സ ചെലവ്. ചികിത്സയിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും ഇപ്പോഴും എഴുന്നേല്‍ക്കാന്‍ കഴിയാതെ തളര്‍ന്നുകിടക്കുകയാണ് സെല്‍വം. ദുരിതം നേരിട്ട് കണ്ടറിഞ്ഞ അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയുടെ നേതൃത്വത്തില്‍ സഹായഹസ്തം എത്തുകയായിരുന്നു. തുടര്‍ന്ന് ചക്കുപള്ളം പഞ്ചായത്തംഗം മാത്യു പട്ടര്‍കാലയുടെ ഇടപെടലുകള്‍ കുടുംബത്തെ പഞ്ചായത്തിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് സ്വന്തമായി വീടും ലഭിച്ചു. സ്‌നേഹ കൂട്ടായ്മ പലപ്പോഴായി നിരവധി തവണ കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞു സഹായിച്ചിരുന്നു. ചെയര്‍മാന്‍ സാബു കുറ്റിപ്പാലാ, രക്ഷാധികാരി ഡേവിസ് തോമസ,് അണക്കര സ്‌പൈസ് വാലി റോട്ടറി ക്ലബ് പ്രസിഡന്റ് റെജി നരിമറ്റത്തില്‍, ജോസ്‌കുട്ടി പൈലുമുറിയില്‍, ബാബു സുരഭി എന്നിവര്‍ പങ്കെടുത്തു. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സെല്‍വത്തിന്റെ കുടുംബം.
What's Your Reaction?






