യുവജന സംരക്ഷണ സമിതി അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ജനകീയ ധര്‍ണ നടത്തി

യുവജന സംരക്ഷണ സമിതി അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ജനകീയ ധര്‍ണ നടത്തി

Oct 14, 2025 - 17:31
 0
യുവജന സംരക്ഷണ സമിതി അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ജനകീയ ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ 1, 2, 16 വാര്‍ഡുകളിലെ പട്ടയവിതരണവും ലൈഫ്, പിഎംഎവൈ പദ്ധതികളില്‍ വീടുകളുടെ നിര്‍മാണവും വൈകുന്നതില്‍ പ്രതിഷേധിച്ച് യുവജന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ പള്ളിക്കവലയിലെ അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ജനകീയ ധര്‍ണ നടത്തി. മലയോര ജനകീയ അവകാശ സംരക്ഷണ സമിതി, കാര്‍ഷക അതിജീവന സംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെയാണ് പ്രതിഷേധം.
ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആയിരത്തില്‍പരം കുടുംബങ്ങള്‍ക്ക് പട്ടയവും നഷ്ടപരിഹാരവും നല്‍കിയാണ് കോവില്‍മലയില്‍ പുനരാധിവസിപ്പിച്ചത്. ജനറല്‍ വിഭാഗത്തില്‍ 850ലേറെ ആളുകളും 266 ആദിവാസി കുടുംബങ്ങളും താമസിക്കുന്ന പ്രദേശം ലാന്‍ഡ് രജിസ്റ്ററില്‍ തേക്ക് പ്ലാന്റേഷന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇതുവരെ പട്ടയം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 2017-18ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍മലയില്‍ ഒന്ന്, രണ്ട്, പതിനാറ് വാര്‍ഡുകളിലായി ലൈഫ് പദ്ധതിയില്‍ 19 വീടുകള്‍ അനുവദിച്ചിരുന്നു. ഒന്നാം ഗഡുവായ 40,000 രൂപ ഉപഭോക്താക്കള്‍ കൈപ്പറ്റി. ഇവര്‍ നിലവിലുണ്ടായിരുന്ന വീടുകള്‍ പൊളിച്ചുമാറ്റി അടിത്തര നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ കോവില്‍മല രാജാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വനംവകുപ്പ് വീടുകളുടെ തുടര്‍നിര്‍മാണത്തിന് എന്‍ഒസി നിഷേധിച്ചു. ഇതോടെ 19 കുടുംബങ്ങളും കൂരകളിലാണ് താമസിക്കുന്നത്. വനം വകുപ്പിന്റെയും കോവില്‍മല രാജാവിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോടതിയെ സമീപിച്ച കോവില്‍മല രാജാവിന്റെ നടപടിയേയും സമരക്കാര്‍ വിമര്‍ശിച്ചു.
പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ യുവജനങ്ങളും സ്ത്രീകളും മുതിര്‍ന്നവരും അണിനിരന്നു. തുടര്‍ന്ന് ഓഫീസ് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലൈജു ബിജു ഉദ്ഘാടനംചെയ്തു. കര്‍ഷക അതിജീവന സംരക്ഷണ സമിതി രക്ഷാധികാരി പി സി വിജയന്‍, മലയോര ജനകീയ അവകാശ സംരക്ഷണ സമിതി പ്രസിഡന്റ് തങ്കച്ചന്‍ പറപ്പള്ളി, മോബിന്‍ ജോണി, സോണിയ, ലൈലാമ്മ, സന്തോഷ് പാറയോലിക്കല്‍, ബാബു പതാപറമ്പില്‍, ബേബി പുതിയാത്ത് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow