അയ്യപ്പന്‍കോവില്‍ സ്വദേശിയെ പൊലീസുകാര്‍ കൈയേറ്റം ചെയ്തതായി പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ഉപ്പുതറ പൊലീസ്
അയ്യപ്പന്‍കോവില്‍ സ്വദേശിയെ പൊലീസുകാര്‍ കൈയേറ്റം ചെയ്തതായി പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ഉപ്പുതറ പൊലീസ്
ഇടുക്കി: അയ്യപ്പന്‍കോവിലില്‍ പൊലീസുകാര്‍ വീട്ടില്‍കയറി കൈയേറ്റം ചെയ്തതായും വസ്ത്രം വലിച്ചുകീറിയതായും പരാതി. അയ്യപ്പന്‍കോവില്‍ ആനക്കുഴി കാവളപ്പറമ്പില്‍ മോഹനാണ് ഉപ്പുതറ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു. മോഹനന്റെ ഇളയ മകന്റെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട്, ഭാര്യയുടെ ബന്ധുക്കള്‍ രേഖകള്‍ ആവശ്യപ്പെട്ട് ഉപ്പുതറ പൊലീസിനെ സമീപിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11.30 യോടെ രണ്ട് പൊലീസുകാര്‍ മോഹനന്റെ വീട്ടിലെത്തി രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഇവ കൈവശമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായതായും മുതിര്‍ന്ന പൊലീസുകാരന്‍ മര്‍ദിക്കുകയും ബനിയന്‍ വലിച്ചുകീറി ഭീഷണിപ്പെടുത്തിയായും മോഹനന്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ഇദ്ദേഹം പറഞ്ഞു.
എന്നാല്‍ മോഹനന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു. രേഖകള്‍ വാങ്ങാനായി എത്തിയപ്പോള്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ മോഹനന്‍ പ്രകോപനകരമായ രീതിയില്‍ പെരുമാറിയതായും അബദ്ധത്തില്‍ ബനിയന്‍ കീറിയതാണെന്നും പൊലീസ് പറഞ്ഞു.
What's Your Reaction?

