കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ മേലേചിന്നാര്‍, ബഥേല്‍, പെരിഞ്ചാംകുട്ടി മേഖലകളില്‍ വെള്ളപ്പൊക്കം
കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ മേലേചിന്നാര്‍, ബഥേല്‍, പെരിഞ്ചാംകുട്ടി മേഖലകളില്‍ വെള്ളപ്പൊക്കം
ഇടുക്കി: കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ വെള്ളം ഒഴുകിയെത്തി മേലേചിന്നാര്‍, ബഥേല്‍, പെരിഞ്ചാംകുട്ടി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി വീടുകളിലും വ്യാപാരശാലകളിലും വെള്ളം കയറി. നിര്‍മാണത്തിലിരുന്ന പാലങ്ങള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് ചിന്നാര്‍പുഴ കരകവിഞ്ഞൊഴുകിയത്. അപ്രതീക്ഷിതമായി ഷട്ടറുകള്‍ തുറന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. വീടുകളിലെ ഉപകരണങ്ങള്‍ ഒഴുകിപ്പോയി. മേലേച്ചിന്നാര്‍, ബഥേല്‍, കുരിശുപള്ളിപ്പടി എന്നിവിടങ്ങളിലെ മൂന്നോളം പാലങ്ങള്‍ ഒലിച്ചുപോയതോടെ നെടുങ്കണ്ടം വാത്തിക്കുടി പഞ്ചായത്തുകള്‍ തമ്മിലുള്ള ഗതാഗതബന്ധവും താറുമാറായി. മേലേചിന്നാര്‍ മഠംപടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെ എം മാണി ഇറിഗേഷന്‍ പദ്ധതിക്കും വന്‍ നാശനഷ്ടമുണ്ടായി. നിര്‍മാണത്തിനെത്തിച്ച ജെസിബി, ഹിറ്റാച്ചി, കോണ്‍ക്രീറ്റ് മിക്‌സര്‍ മിഷ്യന്‍ ഉള്‍പ്പെടെ മലവെള്ളത്തില്‍പ്പെട്ടു. പുഴയോരങ്ങളില്‍ കര്‍ഷകര്‍ സ്ഥാപിച്ചിരുന്ന മോട്ടറും, പമ്പുകളുമെല്ലാം ഒഴുകിപ്പോയി. 2018ലെ പ്രളയത്തിനുശേഷം ആദ്യമായാണ് മേഖലയില്‍ ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. ജലനിരപ്പ് താഴാത്ത സാഹചര്യം തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് പറഞ്ഞു. ദുരിതബാധിത മേഖലകള്‍ എം എം മണി എംഎല്‍എ സന്ദര്‍ശിച്ചു.
What's Your Reaction?

