ജില്ലയിലെ കായിക താരങ്ങള്‍ക്കുള്ള വിദഗ്ധ പരിശീലനം നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടങ്ങി
ജില്ലയിലെ കായിക താരങ്ങള്‍ക്കുള്ള വിദഗ്ധ പരിശീലനം നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടങ്ങി

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജില്ലയുടെ മുന്നേറ്റം ലക്ഷ്യമിട്ട് ഡീന്‍ കുര്യാക്കോസ് എം.പി റൈസ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കായിക പരിശീലനം നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. താരങ്ങള്‍ക്ക് ലഭിക്കുന്ന വിദഗ്ധ പരിശീലനത്തിലൂടെ സംസ്ഥാന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരങ്ങള്‍ സാധിക്കുമെന്ന് എം.പി പറഞ്ഞു. ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് റൈസ് പദ്ധതി നടപ്പിലാക്കുന്നത്. റവന്യു ജില്ലാ കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് യോഗ്യത നേടിയ താരങ്ങള്‍ക്ക് രണ്ട് ദിവസത്തെ വിദഗ്ധ പരിശീലനമാണ് നല്‍കുന്നത്. 110 താരങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ പരിശീലകരായ ഡോ. ജോര്‍ജ് ഇമ്മാനുവല്‍, എം.എ ജോര്‍ജ് എന്നിവരാണ് പരിശീലകര്‍. ജില്ലാ അത്ലറ്റിക് അസോസിയേഷനും, ആര്‍ഡിഎസ്ജിഎയും മേല്‍നോട്ടം വഹിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം ജില്ലാ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും ജേഴ്സിയും സൗജന്യമായി നല്‍കും. ഇതിനുമുമ്പ് സംസ്ഥാന കായികമേളയ്ക്ക് മുന്നോടിയായി ജില്ലാ ടീം അംഗങ്ങള്‍ക്ക് ഒരുമിച്ച് വിദഗ്ധ പരിശീലനം ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലയിലെ കായിക പരിശീലനരംഗത്തെ ആധുനിക സൗകര്യങ്ങളുടെയും വിദഗ്ധ കായിക പരിശീലന ലഭ്യതയുടെയും അപര്യാപ്തത പരിഹരിക്കാന്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ റൈസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷയായി. അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റും റൈസ് കോ-ഓര്‍ഡിനേറ്ററുമായ വി.ഡി എബ്രഹാം, ആര്‍ഡിഎസ്ജിഎ സെക്രട്ടറി പി.എ സുനീഷ്, പരിശീലകന്‍ ഡോ. ജോര്‍ജ് ഇമ്മാനുവല്‍, റിട്ട. സായി കോച്ച് എം.എ ജോര്‍ജ്, ജോയി തോമസ്, അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ ഷിജോ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






