ഭൂ നിയമ ഭേദഗതി: നെടുങ്കണ്ടത്ത് കേരളാ കോണ്‍ഗ്രസ് ധര്‍ണ 22ന്
ഭൂ നിയമ ഭേദഗതി: നെടുങ്കണ്ടത്ത് കേരളാ കോണ്‍ഗ്രസ് ധര്‍ണ 22ന്

ഇടുക്കി: ഭൂ നിയമ ഭേദഗതി ചട്ടത്തിലൂടെ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി 22ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും. കേരളാ കോണ്‍ഗ്രസിന്റെയും കര്‍ഷക യൂണിയന്റെയും ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 1964ലെ ഭൂമി പതിവ് ചട്ടഭേദഗതി ബില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷവും, കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തട്ടിപ്പുപരിപാടിയാണ്. 1960ലെ നിയമത്തിന്റെയും 1964-ലെ ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നല്‍കിയിട്ടുള്ള പട്ടയഭൂമികളില്‍ നടത്തിയിട്ടുള്ള വീട് ഒഴിച്ചുള്ള നിര്‍മാണങ്ങളും നിര്‍മിതികളും ചട്ടവിരുദ്ധമാണെന്നും ക്രമവിരുദ്ധമാണെന്നും പറഞ്ഞ് ഹൈക്കോടതിയില്‍നിന്ന് 2019ല്‍ ജനവിരുദ്ധമായ വിധി സമ്പാദിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. ഈ വിഷയത്തില്‍ പറയേണ്ട കാര്യങ്ങള്‍ പറയാതെയും പറയാന്‍ പാടില്ലാത്തവ പറഞ്ഞും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍നിന്ന് ഇത്തരത്തിലുള്ള ഒരു വിധി ഇരന്നുവാങ്ങുകയായിരുന്നു. 2024 ജൂണ്‍ 7 വരെയുള്ള നിര്‍മാണങ്ങളും, നിര്‍മിതികളും മാത്രമേ ക്രമപ്പെടുത്തുകയുള്ളൂവെന്നാണ് ചട്ടം പറയുന്നത്. 3000 സ്‌ക്വയര്‍ ഫീറ്റുവരെയുള്ള വീടുകള്‍ക്കുമാത്രം അപേക്ഷാ ഫീസ് വാങ്ങിച്ച് ക്രമപ്പെടുത്തുമെന്നും 3000 സ്‌ക്വയര്‍ ഫീറ്റിനുമുകളിലുള്ള ഭവന, വാണിജ്യ, വ്യവസായിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്കെല്ലാം അഞ്ച് മുതല്‍ 50 ശതമാനം വരെ വിവിധ സ്ലാബുകളിലായി പിഴത്തുക അടക്കേണ്ടതുണ്ടെന്നും, ഭൂമിയുടെ ഫെയര്‍ വാല്യുവിന്റെ അഞ്ച് ശതമാനം തുക ഈടാക്കുമെന്നുമാണ് ചട്ടത്തില്‍ പറയുന്നത്. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ വഷളാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നിര്‍മാണ നിരോധനം ഉള്‍പ്പടെ കര്‍ഷകരെ വരിഞ്ഞുമുറുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കിയശേഷമാണ് ഇപ്പോള്‍ ചട്ടഭേദഗതിയിലൂടെ ജനങ്ങളെ വീണ്ടും വി്ഢികളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോസ് പൊട്ടംപ്ലാക്കല്‍, എം.ജെ കുര്യന്‍, സണ്ണി പട്ട്യാലില്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






