ചിരട്ടയിൽ ഒരുങ്ങുന്നത് പൂവും മീനും ഒട്ടകവും മുതൽ ഹിറ്റാച്ചിയും കടന്ന് പീരങ്കി വരെ
ചിരട്ടയിൽ ഒരുങ്ങുന്നത് പൂവും മീനും ഒട്ടകവും മുതൽ ഹിറ്റാച്ചിയും കടന്ന് പീരങ്കി വരെ

ഒരു ചിരട്ട കിട്ടിയാലെന്തൊക്ക ചെയ്യാം... അടുപ്പിൽ വെച്ച് തീ പിടിപ്പിക്കാം.... പിന്നെയും പോയാൽ കളറടിച്ച് പൂന്തോട്ടം അലങ്കരിക്കാം.... ഇതിനപ്പുറത്തൊരു ചിരട്ട ഉപയോഗമൊന്നും പൊതുവേ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഈ ചിരട്ട കിട്ടുന്നത് കോവിൽമല സ്വദേശി കുഞ്ഞ് കേശവനെന്ന ഗൃഹനാഥനാണെങ്കിൽ ചിരട്ടയിൽ ഒരുങ്ങുന്നത് പൂവും മീനും ആനയും , മയിലും , ഒട്ടകവും മുതൽ ഹിറ്റാച്ചിയും കടന്ന് പീരങ്കി വരെയാകും.
കൊവിഡ് കാലത്തെ വീട്ടിലിരിപ്പിന്റെ വിരസതയിലാണ് കുഞ്ഞ് കേശവന്റെയും ശില്പകലയ്ക്ക് തുടക്കമാകുന്നത്. ആദ്യമൊരു കുരിശു നിർമിച്ചായിരുന്നു തുടക്കം. പിന്നെ മെഴുകുതിരികൾ, ഡ്രം, സൈഡ് ഡ്രം, കിളികൾ, പൂക്കൾ, മീനുകൾ, ബൈക്ക്, സ്കൂട്ടർ, കാർ, ഹിറ്റാച്ചി ഇങ്ങനെ പോകുന്നു കേശവന്റെ നിർമാണങ്ങൾ. കുരിശുപള്ളി, അമ്പലം, മോസ്ക് എന്നിവയും നിർമിച്ചിട്ടുണ്ട്.
കാറിന്റെ ഉൾപ്പെടെയുള്ള മാതൃകകളിൽ അകത്തുള്ള ഉപകരണങ്ങളടക്കമാണ് നിർമിക്കുക. ചിരട്ടയിലാണെന്ന് കരുതി അഴകിലോ ആകാര ഭംഗിയിലോ യാതൊരു കുറവും വരുത്താറില്ല. ചിരട്ട കൂടാതെ തടി കൊണ്ടും ശില്പങ്ങൾ നിർമിക്കാറുണ്ട്. ഇവ കടഞ്ഞെടുക്കുന്നതിന് അത്യാനുധിക ഉപകരണങ്ങളൊന്നും കേശവനില്ല. സാധാരണ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിർമാണം ആണെങ്കിലും ശില്പത്തിന്റെ നിർമാണ ഭംഗിയിൽ യാതൊരു കുറവും വരുത്താറില്ല.
ചെറുപ്പകാലം മുതൽ കുഞ്ഞ് കേശവന് ശില്പകലയിൽ മോഹം ഉദിച്ചിരുന്നു. ഇടുക്കി പദ്ധതിയുടെ നിർമ്മാണ സമയത്ത് പങ്കെടുത്തിട്ടുണ്ട്. ഇടുക്കി ആർച്ച്, ചെറുതോണി, കുളമാവ്, അഞ്ചുരുളി ടണൽ നിർമ്മാണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഓരോ ജീവിത പ്രാരാബ്ധത്തിൽപ്പെട്ട് ഉള്ളിലെ ശില്പകല മോഹം മാറ്റി വെച്ച് ജീവിക്കുകയായിരുന്നുവെന്ന് കേശവൻ പറയുന്നു. കൊവിഡ് കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ച് വീട്ടിലിരിക്കെ ശില്പ നിർമാണമെന്ന സ്വപ്നം പൂവണിയുകയായിരുന്നു. ഇല്ലിക്കൊണ്ടുള്ള പണിപ്പുരയിലിരുന്നാണ് നിർമാണം. അയൽപ്പക്കക്കാരും സുഹൃത്തുക്കളും വീട്ടുകാരുമൊക്കെ ചിരട്ടകൾ നൽകും. കേശവൻ അതെല്ലാം തേച്ചൊരുക്കി വൃത്തിയാക്കി ശില്പങ്ങളാക്കുകയും ചെയ്യും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ജോലിക്കായി പുറത്തു പോകാറില്ല. അതുകൊണ്ട് തന്നെ ശില്പ നിർമാണത്തിലാണ് ഇപ്പോൾ കൂടുതൽ സമയവും ചിലവഴിക്കുക. എന്നാൽ ഇവയെല്ലാം ഇങ്ങനെ നിർമിക്കുന്നതല്ലാതെ വിറ്റഴിച്ച് വരുമാനം കണ്ടെത്താനൊന്നും കേശവൻ ശ്രമിച്ചിട്ടില്ല. തൃശൂരിലും കട്ടപ്പനയിലും വിപണന മേളയിൽ പങ്കെടുത്തതല്ലാതെ വില്പനയ്ക്കായി ശ്രമിച്ചിട്ടില്ല. തന്റെ അധ്വാനത്തിന് മാന്യമായ വില ലഭിച്ചാൽ ഇവ വിൽക്കാനും ഇദ്ദേഹം തയാറാണ്.
What's Your Reaction?






