സിഎച്ച്ആറില്‍ നിര്‍മാണം പാടില്ലെന്ന ഉത്തരവ് ഒന്നാം പിണറായി സര്‍ക്കാരിന്റേത്: 69 കുടുംബങ്ങളുടെ വീട് നിര്‍മാണം നിലച്ചു: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
സിഎച്ച്ആറില്‍ നിര്‍മാണം പാടില്ലെന്ന ഉത്തരവ് ഒന്നാം പിണറായി സര്‍ക്കാരിന്റേത്: 69 കുടുംബങ്ങളുടെ വീട് നിര്‍മാണം നിലച്ചു: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

ഇടുക്കി: സിഎച്ച്ആറില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതി പാടില്ലെന്ന ഒന്നാംപിണറായി സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ഉത്തരവിനെ തുടര്‍ന്ന് വീട് നിര്‍മാണത്തിനുപോലും അനുമതി കിട്ടാത്ത നിരവധിപേരുണ്ട്. ഇത്തരം ഉത്തരവുകള്‍ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നു. 2019 നവംബറില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് 6 പഞ്ചായത്തുകളിലായി പിഎംഎവൈ, ലൈഫ് പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിലുള്ള 69 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ എന്‍ഒസി ലഭിച്ചിട്ടില്ല. മറ്റൊരിടത്തും ഭൂമിയില്ലാത്തവരാണ് ഈ കുടുംബങ്ങള്‍. എം എം മണി മന്ത്രിയായിരുന്ന കാലയളവില്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ ഇപ്പോഴത്തെ മന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനപ്രതിനിധികളും നേതാക്കളും ആവശ്യമുന്നയിക്കാത്തത് ദുരൂഹമാണ്. നിയന്ത്രണം നിലനില്‍ക്കെ സമാനസ്വഭാവത്തിലുള്ള ഭൂമിയില്‍ ഭരണകക്ഷി നേതാക്കള്‍ക്ക് നിര്‍മാണം നടത്താന്‍ തടസവുമില്ല. ഉത്തരവുകളെല്ലാം ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും ബിജോ മാണി കുറ്റപ്പെടുത്തി.
2019ല്‍ ആനവിരട്ടി വില്ലേജില്‍പെട്ട വ്യക്തിക്ക് കുടുംബവിഹിതമായി ലഭിച്ച 14 സെന്റ് ഭൂമിയില്‍ 723 ചതുരശ്ര അടിയുള്ള വീട് നിര്‍മിക്കാന്‍ എന്‍ഒസി അനുമതിക്കായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കലക്ടര്‍ കത്ത് നല്‍കിയതോടെയാണ് നിര്‍മാണ നിരോധനത്തിന് തുടക്കമാകുന്നത്. ഇത് സര്‍ക്കാര്‍ പരിശോധിച്ചശേഷം ഏലപ്പട്ടയഭൂമിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കരുതെന്ന് കാട്ടി റവന്യു അണ്ടര്‍ സെക്രട്ടറി ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് എന്‍ഒസി നിഷേധിച്ചത്.
റിസോര്‍ട്ട് മാഫിയ ഫാംഹൗസ് എന്ന പേരില്‍ ഭൂമി ദുരുപയോഗം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഏലപ്പട്ടയഭൂമിയില്‍ മാത്രമുള്ള നിര്‍മാണനിരോധനം 26 വില്ലേജുകളിലെ സിഎച്ച്ആര്‍ മേഖലയിലാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഈ വില്ലേജുകള്‍ കൂടാതെ 49,000 ഏക്കര്‍ ഭൂമി കൂടി സിഎച്ച്ആറിന്റെ പരിധിയിലാണെന്ന് തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കര്‍ഷകദ്രോഹ നടപടി പിന്‍വലിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, മണ്ഡലം പ്രസിഡന്റുമാരായ എം എസ് മഹേശ്വരന്‍, രാജേഷ് ജോസഫ്, ഡിസിസി അംഗം കെ ആര്‍ രാമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






