അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഇടുക്കിയില്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നില്ല
അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഇടുക്കിയില്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നില്ല
ഇടുക്കി: അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഉത്തരവ് ജില്ലയില്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് പരാതി. ഉത്തരവിന്റെ കാലാവധി അവസാനിക്കാന്‍ 7 മാസം മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം കാട്ടുപന്നി ശല്യമുള്ള ഇടുക്കിയില്‍, സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഒരു കാട്ടുപന്നിയെയാണ് ഇതുവരെ വെടിവച്ച് കൊന്നത്. എന്നാല്‍, വിവിധ പഞ്ചായത്തുകളിലായി 20ലേറെ കാട്ടുപന്നികളെ കൊന്നിട്ടുണ്ടെന്നും ഇത് കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പറയപ്പെടുന്നു.
ജുലൈ 31 വരെ സംസ്ഥാനത്തുടനീളം 4734 കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത്. 1457 കാട്ടുപന്നികളെ കൊന്ന പാലക്കാടാണ് ഒന്നാമത്.
2026 മേയ് 28 വരെയാണ് ഉത്തരവിന്റെ കാലാവധി. 2020 മേയ് 18നാണ് അനുമതി നല്‍കി ആദ്യം ഉത്തരവിറങ്ങിയത്. പിന്നീട് ഓരോവര്‍ഷവും നീട്ടി നല്‍കിവന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ഷൂട്ടര്‍മാരുടെ പാനല്‍ ഇല്ലാത്തതും ലൈസന്‍സുള്ള തോക്കുടമകളുടെ കുറവുമാണ് കാട്ടുപന്നികളെ കൊല്ലുന്നതിലെ പ്രധാന പ്രതിസന്ധി. ഷൂട്ടര്‍മാര്‍ക്കുള്ള ഓണറേറിയം 1500 രൂപയായി ജഡം മറവുചെയ്യാനുള്ള ചെലവ് 2000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം 4 തവണ കേന്ദ്രം തള്ളിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിലെ ഉപവകുപ്പ് ബി പ്രകാരം ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ട ഏതെങ്കിലും വന്യമൃഗം മനുഷ്യജീവന് ഭീഷണിയായാല്‍ വേട്ടയാടാന്‍ നിശ്ചിത കാലത്തേക്ക് അനുമതി നല്‍കാം. വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ഷെഡ്യൂള്‍ അഞ്ചിലേക്ക് മാറ്റുകയും ചെയ്യാം. എന്നാല്‍ 2022ല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ ഷെഡ്യൂള്‍ അഞ്ച് നീക്കി. ഇതിനുശേഷം രാജ്യത്ത് ഒരുവന്യജീവിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. ഒരുമാസംമുമ്പ് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ കാട്ടുപന്നിശല്യത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2011 മുതല്‍ സംസ്ഥാനത്ത് 70 പേര്‍ കാട്ടുപന്നിയാക്രമണത്തില്‍ മരിച്ചു. കാട്ടാനയാക്രമണവും പാമ്പ്കടിയേറ്റുള്ള മരണവും കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് കാട്ടുപന്നിയാക്രമണത്തിലാണ്.
What's Your Reaction?

