അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നു: ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ പട്ടിണി സമരം നടത്തി
അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നു: ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ പട്ടിണി സമരം നടത്തി
ഇടുക്കി: അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് ഉന്നതിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങള്‍ പട്ടിണി സമരം നടത്തി. ദുരന്തമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസം സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് കലക്ടറുടെ ഇടപെടലില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
ദുരന്തമുണ്ടായി 6 ദിവസം പിന്നിട്ടിട്ടും പുനരധിവാസവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചു. പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചത്. കലക്ടര്‍ അടിമാലി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു. ഓണ്‍ലൈനിലൂടെ കുടുംബങ്ങളുമായും പഞ്ചായത്ത് അധികൃതരുമായും സംസാരിച്ചു. വെള്ളിയാഴ്ച കലക്ടറേറ്റില്‍ ഇതുസംബന്ധിച്ച് യോഗം നടക്കുന്നതായി ഇവരെ അറിയിച്ചു. ആശങ്കകള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരത്തില്‍നിന്ന് പിന്‍മാറിയത്. മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ട 8 കുടുംബങ്ങളെ കത്തിപ്പാറയിലേക്ക് താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മറ്റുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
What's Your Reaction?

