ചീനിക്കുഴി കൂട്ടക്കൊല: പ്രതി ഹമീദിന് വധശിക്ഷ
ചീനിക്കുഴി കൂട്ടക്കൊല: പ്രതി ഹമീദിന് വധശിക്ഷ
ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചീനിക്കുഴി അലിയാക്കുമന്നേല്‍ ഹമീദി(80)ന് വധശിക്ഷ വിധിച്ച് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ഉത്തരവായി. 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം 5 ലക്ഷം രൂപ പിഴ നല്‍കാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.
ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് ആസൂത്രിതമായി വീടിന് തീയിട്ട് കൊന്നത്. 2022 മാര്‍ച്ച് 18 നായിരുന്നു നാടിനെയാകെ നടുക്കിയ കൂട്ടക്കൊല.
ഭാര്യയുടെ മരണശേഷം മണിയന്‍കുടിയിലേക്ക് താമസം മാറിയ ഹമീദ് പിന്നീട് ഫൈസല്‍ താമസിക്കുന്ന വീട്ടിലെത്തി. ഇതിനുപിന്നാലെയാണ് സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ഫൈസലിന് നല്‍കിയ കടമുറികള്‍ ഉള്‍പ്പെടെയുള്ള വസ്തു തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ മകനെയും കുടുംബത്തെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പുലര്‍ച്ചെയോടെ മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നാലെ വീട്ടിലേക്ക് കടക്കാനുള്ള മറ്റു വാതിലുകളും പൂട്ടി പുറത്തിറങ്ങി. തുടര്‍ന്ന് മകന്റെ മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടു. തുടര്‍ന്ന് പെട്രോള്‍ നിറച്ച കുപ്പികള്‍ വീടിനകത്തേയ്ക്ക് എറിഞ്ഞു. തീ ആളിപ്പടര്‍ന്നതോടെ ഫൈസലും കുടുംബവും വീടിനുള്ളിലെ ടോയ്‌ലറ്റില്‍ ഒളിച്ചെങ്കിലും രക്ഷപ്പെടാനായില്ല.
What's Your Reaction?

