പരുമല പദയാത്രയെ സ്വീകരിച്ച് കട്ടപ്പന പൗരാവലി
പരുമല പദയാത്രയെ സ്വീകരിച്ച് കട്ടപ്പന പൗരാവലി
ഇടുക്കി: പരുമല തിരുമേനിയുടെ 123-ാം ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന പരുമല പദയാത്ര ആരംഭിച്ചു. തിരുശേഷിപ്പ് സ്ഥാപിതമായ പുറ്റടി കര്‍മേല്‍ കുരിശുമലയില്‍ നിന്നാരംഭിച്ച പദയാത്രയ്ക്ക് കട്ടപ്പന പൗരാവലി സ്വീകരണം നല്‍കി. ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ സേവേറിയോസാണ് പദയാത്രക്ക് നേതൃത്വം നല്‍കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 26-ാംമത് പദയാത്രയാണ് നടത്തുന്നത്. ഹൈറേഞ്ചിലെ വിവിധ പള്ളികളിലെ പദയാത്രകളോടുചേര്‍ന്ന് പുറ്റടി, ആമയാര്‍, കട്ടപ്പന, നരിയംപാറ എന്നിവിടങ്ങളിലെ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6ന് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍നിന്നു പുനരാരംഭിച്ച് സെന്റ് തോമസ് പള്ളിയിലെത്തും. 31ന് പുലര്‍ച്ചെ 4ന് പരപ്പ്, ചപ്പാത്ത് ഏലപ്പാറ, കുട്ടിക്കാനം, മുറിഞ്ഞപുഴ, മുണ്ടക്കയം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 6ന് പൈങ്ങണയില്‍ സമാപിക്കും. നവംബര്‍ 1ന് കോട്ടയം മേഖലയിലെ വിവിധ പദയാത്രകളോടുചേര്‍ന്ന് വൈകിട്ട് 6ന് പതിനാലാംമൈല്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തി നവംബര്‍ രണ്ടിന് പുലര്‍ച്ചെ 5ന് യാത്ര പുനരാരംഭിച്ച് വൈകിട്ട് 5.30ന് പരുമലയിലെത്തും. കട്ടപ്പനയില്‍ നടന്ന പൗരസ്വീകരണത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഇ എം ആഗസ്തി, ജോയി വെട്ടിക്കുഴി, വി ആര്‍ സജി, മാത്യൂ ജോര്‍ജ്, സി എസ് അജേഷ്, ഷാജി നെല്ലിപ്പറമ്പില്‍, ടി ജെ ജേക്കബ്, മലനാട് എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, നഗരസഭ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

