മലയാളത്തിന്റെ മാധുര്യം തൊട്ടറിഞ്ഞ് അസം സ്വദേശിനി മുന്നി: സകലകലാ വല്ലഭയാണീ ഏഴാംക്ലാസുകാരി
മലയാളത്തിന്റെ മാധുര്യം തൊട്ടറിഞ്ഞ് അസം സ്വദേശിനി മുന്നി: സകലകലാ വല്ലഭയാണീ ഏഴാംക്ലാസുകാരി
ഇടുക്കി: ആദിരാവിന്റെയനാദി പ്രകൃതിയില്‍ ആരംഭമിട്ടോരംസംസ്‌കൃത ചിന്തയില്‍' അയ്യപ്പ പണിക്കര്‍ രചിച്ച 'അഗ്‌നിപൂജ'യിലെ വരികള്‍ അസം സ്വദേശിനിയായ മുന്നി ടുഡു സ്ഫുടതയോടെ ആര്‍ദ്രതയോടെ പാടി. സന്താളി ഭാഷക്കാരിയായി ജനിച്ച ഈ ഏഴാംക്ലാസുകാരി, പോറ്റമ്മയായ മലയാളത്തിന് അര്‍പ്പിച്ച ഹൃദയപൂജ. മുന്നിയുടെ ജീവിതം അസാമില്‍നിന്ന് കാതങ്ങള്‍ അകലെ ഇടുക്കിയുടെ മലനിരകളില്‍ പുതിയ അര്‍ഥം കണ്ടെത്തിക്കഴിഞ്ഞു. അമ്മ ഊര്‍മിള ജോലി തേടിയാണ് മക്കളുമായി ചേരിയാറിലെത്തിയത്. അപ്പോഴാണ് ഉട്ടോപ്യ സസ്‌റ്റൈനബിള്‍ സൊസൈറ്റി എന്ന എന്‍ജിഒയിലെ അംഗവും രാജകുമാരി എന്‍എസ്എസ് കോളേജിലെ മലയാളം അധ്യാപികയുമായ ബിന്‍സി എല്‍ദോ ഇവരെ ശ്രദ്ധിച്ചത്. ബിന്‍സി ടീച്ചര്‍ മുന്നിയേയും സഹോദരി സോണിയേയും സ്വന്തം മക്കളെപ്പോലെ ചേര്‍ത്തുവളര്‍ത്തി.
മുന്നിക്ക് മലയാള ഭാഷയെ പഠിക്കാന്‍ ടീച്ചര്‍ പ്രോത്സാഹനം നല്‍കി. കുറച്ചുനാളുകള്‍ക്കുള്ളില്‍ അവള്‍ മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും തുടങ്ങി. അയ്യപ്പ പണിക്കരുടെ 'അഗ്‌നിപൂജ'യിലെ വരികള്‍ ഹൃദയസ്പര്‍ശിയായി പാടിയപ്പോള്‍, അത് കവിതാലാപനം മാത്രമായിരുന്നില്ല, മലയാളത്തിന്റെ ആത്മാവിനെ ഏറ്റെടുത്ത ഒരു ഹൃദയപൂജയായിരുന്നു.
അടിമാലി ഉപജില്ലാ കലോത്സവത്തില്‍ മുന്നി മൂന്നുഭാഷകളിലായി 5 ഇനങ്ങളില്‍ എ ഗ്രേഡ് നേടി. മലയാളം കവിതാലാപനം, ഉറുദു പദ്യംചൊല്ലല്‍, ഹിന്ദി കഥാരചന, തിരുവാതിരപ്പാട്ട്, ഉറുദു സംഘഗാനം എന്നിവയിലായിരുന്നു നേട്ടം. ഇതോടൊപ്പം സോഫ്റ്റ്‌ബോളില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ച് ദേശീയ ടീമിന്റെ വെയിറ്റിങ് ലിസ്റ്റിലും ഇടംനേടി. ലോങ് ജമ്പ്, 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം എന്നിവയിലും മെഡലുകള്‍ നേടി.
ഇതിനുപുറമേ ചെണ്ടമേളവും അഭ്യസിച്ച് തമിഴ്‌നാട്ടിലുള്‍പ്പെടെ നിരവധി വേദികളില്‍ പ്രകടനം കാഴ്ചവച്ചു. ബാഗുകളും അലങ്കാരവസ്തുക്കളും തയാറാക്കുന്ന കൈത്തോലും പഠിച്ചെടുത്തു. ഇതിലൂടെ പഠനച്ചെലവിനുള്ള പണവും കണ്ടെത്തിവരുന്നു. രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിദ്യാര്‍ഥിനിയായ മുന്നിയുടെ ജീവിതം ഭാഷയെ മറികടന്ന് സ്വപ്‌നങ്ങളിലേക്ക് കുതിക്കുന്ന പ്രചോദനത്തിന്റെ കഥയാണ്.
What's Your Reaction?

