സഞ്ചാരികളെ ആകര്‍ഷിച്ച് ബോഡിമെട്ട്-ബോഡി ചുരം പാത
സഞ്ചാരികളെ ആകര്‍ഷിച്ച് ബോഡിമെട്ട്-ബോഡി ചുരം പാത
ഇടുക്കി: ഇടുക്കിയില്‍നിന്ന് ചുരമിറങ്ങി തമിഴ്‌നാടന്‍ കാഴ്ചകള്‍ ആസ്വദിച്ചൊരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹര കാഴ്ചകളാണ് ബോഡിമെട്ട്-ബോഡി പാത സമ്മാനിക്കുന്നത്. സഹ്യനെ ചുറ്റിവരിഞ്ഞ് തമിഴ്‌നാടന്‍ കാര്‍ഷിക സമൃധിയിലേയ്ക്ക് കുതിക്കുന്ന പാത. ബോഡിമെട്ട് മലമുകള്‍ മുതല്‍ താഴ് വാരം വരെ 17 ഹെയര്‍പിന്‍ വളവുകളാണ് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ചുരം പാതയിലുള്ളത്. പുലര്‍ച്ചെ കോടമഞ്ഞില്‍ മൂടി നില്‍ക്കുന്ന താഴ് വാരം. കിലോ മിറ്ററുകള്‍ നീളത്തില്‍ മലനിരകളെ ചുറ്റി കടന്ന് പോകുന്ന റോഡ്. ചെങ്കുത്തായ പര്‍വതങ്ങള്‍. മഴ കാലത്ത് കൂടുതല്‍ കാഴ്ചകള്‍ പകര്‍ന്ന് വിരുന്നെത്തുന്ന രണ്ട് വെള്ളച്ചാട്ടങ്ങള്‍. അങ്ങനെ കാഴ്ചകള്‍ ഏറെയുണ്ട് ഈ യാത്രയില്‍. 1900 കാലഘട്ടം മുതലുള്ള ചരിത്രം പറയാനുണ്ട് ബോഡി മെട്ട് ചുരത്തിന്. ഇടുക്കിയില്‍നിന്ന് ഏലവും തേയിലയും കുരുമുളകും അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ തമിഴ്‌നാട്ടിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കാനായിരുന്നു പാത തുറന്നത്. മൂന്നാറില്‍ ഈസ്‌റ് ഇന്ത്യാ കമ്പനി തേയില കൃഷി ആരംഭിച്ചതോടെ നടപ്പാത കാള വണ്ടി യാത്രക്കായി വിപുലീകരിച്ചു. തമിഴ്‌നാട്ടില്‍നിന്ന് അരിയും പലചരക്ക് സാധനങ്ങളും ചുരം കയറി മല മുകളിലെത്തി. കാളവണ്ടി യുഗവും കുതിര കുളമ്പടിയും പിന്നിട്ട് മോട്ടോര്‍ വാഹന ഗതാഗതത്തിന് അനുയോജ്യമായ പാതയായി നവീകരിച്ചത്തോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗതവും ഇതുവഴി വര്‍ധിച്ചു. 1963 ല്‍ നവീകരിച്ച ശേഷം 2023-24 വര്‍ഷത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ 15 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചു. തിരുവിതാംകൂര്‍, പൂഞ്ഞാര്‍ രാജ ഭരണ കാലഘട്ടത്തിലെ ചുങ്കം പിരിവ് മുതലുള്ള ചരിത്രമുണ്ട് ഈ പാതയ്ക്ക്. രാജ മുദ്ര പതിപ്പിച്ച കെട്ടിടങ്ങള്‍ ഇന്നും ബോഡിമെട്ടില്‍ നില നില്‍ക്കുന്നുണ്ട്. പഴയ കാല വാണിജ്യ പാതയ്ക്കു ഇന്ന് വിനോദ സഞ്ചാരത്തിലാണ് പ്രൗഡി കൂടുതല്‍. മൂന്നാറില്‍ നിന്ന് ഗ്യാപ് റോഡ് വഴി തേയില ചെരുവുകളും ഏലമലകളും പിന്നിട്ട് ആനയിറങ്കലും കണ്ട് ചുരം ഇറങ്ങിയാല്‍ സ്വന്തമാകുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ റോഡ് ട്രിപ്പ് ആണ്.
What's Your Reaction?

