ശബരിമല തീര്‍ഥാടനം: വണ്ടിപ്പെരിയാറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

ശബരിമല തീര്‍ഥാടനം: വണ്ടിപ്പെരിയാറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

Nov 12, 2025 - 15:41
 0
ശബരിമല തീര്‍ഥാടനം: വണ്ടിപ്പെരിയാറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറില്‍ ഒരുക്കേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നു. വണ്ടിപ്പെരിയാര്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. അനാവശ്യമായി ചുറ്റിത്തിരിയുന്ന ഓട്ടോറിക്ഷകള്‍ എംവിഡിയുടെ സഹായത്തോടെ മാറ്റാന്‍ നടപടി സ്വീകരിക്കും. വഴിയോര കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പിടിച്ച് കെട്ടാനും 3 ദിവസത്തിനുള്ളില്‍ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ ലേലം ചെയ്യാനും പിഴ ഈടാക്കാനും തീരുമാനമായി. വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ 62-ാം മൈല്‍ ഭാഗം വരെ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന കണ്ടം ചെയ്ത വാഹനങ്ങള്‍ എടുത്തുമാറ്റും. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ 24 മണിക്കൂര്‍ ഡോക്ടറുടെ സേവനവും ആംബുലന്‍സ് സൗകര്യവും സജ്ജമാക്കും. സത്രം, പുല്ലുമേട് ഉപ്പുപാറ മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കും. ടൗണിലെ ഹോട്ടല്‍, ചെറുകടി വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പഴകീയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടും. വിലവിവരപ്പട്ടിക കടകളുടെ മുമ്പില്‍ പതിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കും. പാര്‍ക്കിങ്ങിനായി വാഴൂര്‍ സോമന്‍ സ്മാരക സ്റ്റേഡിയം ഒഴിവാക്കി വിവിധ എസ്റ്റേറ്റുകളുടെ സഹകരണത്തോടെ സ്ഥല സൗകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തില്‍ 5 വിശ്രമ കേന്ദ്രങ്ങള്‍, കുടിവെള്ളം, താല്‍ക്കാലിക ശുചിമുറി സംവിധാനം എന്നിവ ഏര്‍പ്പെടുത്തും. വണ്ടിപ്പെരിയാറില്‍നിന്ന് സത്രത്തിലേക്കുള്ള ടാക്‌സി നിരക്ക് ഏകോപിപ്പിക്കും. കാല്‍നടയായി അയ്യപ്പഭക്തര്‍ കടന്നുപോകുന്ന പഞ്ചായത്ത് വാര്‍ഡുകളില്‍ കൃത്യമായി വഴിവിളക്കുകള്‍ സ്ഥാപിക്കും. വിദൂര സ്ഥലങ്ങളില്‍നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്കാവശ്യമായ ക്രമീകരണങ്ങളില്‍ ഒരുക്കാന്‍ വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് കെ എം ഉഷാ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍,  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, സെക്രട്ടറി ബിനോയ് വി ടി, പഞ്ചായത്തംഗങ്ങള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍, അയ്യപ്പ സേവാ സമാജം, സേവാ സംഘം, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, വനമംവകുപ്പ് അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow