താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പുതിയൊരു ഷിഫ്റ്റ് കൂടി
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പുതിയൊരു ഷിഫ്റ്റ് കൂടി

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പുതിയൊരു ഷിഫ്റ്റ് കൂടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അർദ്രം പദ്ധതിയുടെ വിലയിരുത്തലിനായി ജില്ലയിലെ ആശുപത്രികളിൽ സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. കിഫ്‌ബി ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർ, രോഗികൾ, ജനപ്രതിനിധികൾ എന്നിവരുമായും ആശയവിനിമയം നടത്തുകയും ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഡയാലിസിസ് യൂണിറ്റ്, ക്യാഷ്വാലിറ്റി, വാർഡുകൾ എന്നിവിടങ്ങളിൽ മന്ത്രി പരിശോധന നടത്തി. സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സാധ്യമാക്കുമെന്ന് വീണ ജോർജ് പറഞ്ഞു.
താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേൺ തുടരുന്നത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന വിഷയം ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗികളോട് രോഗ വിവരമടക്കം ചോദിച്ചറിഞ്ഞാണ് മന്ത്രി മടങ്ങിയത്. കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ മന്ത്രിയെ സ്വീകരിച്ചു. നഗരസഭാ വൈസ് ചെയർമാൻ, നഗരസഭാ കൗൺസിൽ അംഗങ്ങൾ, മുൻ കൗൺസിൽ അംഗങ്ങൾ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ആശുപത്രിയിൽ എത്തിയിരുന്നു.
What's Your Reaction?






