മണ്ഡലകാലം: കുമളിയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല
മണ്ഡലകാലം: കുമളിയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല
ഇടുക്കി: മണ്ഡലകാലം ആരംഭിക്കാനിരിക്കെ കുമളി ടൗണില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് അയ്യപ്പഭക്തരെ ദുരിതത്തിലാക്കുന്നു. സംസ്ഥാന അതിര്‍ത്തിയിലെ പ്രധാന ഇടത്താവളമായ കുമളിയിലൂടെ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും കടന്നുപോകുന്നത്. മുന്‍വര്‍ഷങ്ങളില്‍ വിരിവയ്ക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇത്തവണ അതില്ല. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് സ്റ്റേജിലും ഓഡിറ്റോറിയത്തിലുമാണ് മുന്‍വര്‍ഷങ്ങളില്‍ അയ്യപ്പന്‍മാര്‍ വിരിവച്ച് വിശ്രമിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്റ്റേജും ഓഡിറ്റോറിയവും പുതുക്കി പണിയുന്നതിനായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെ സൗകര്യമൊരുക്കാനാകില്ല. പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് ടൗണില്‍ വലിയ ഗതാഗതക്കുരുക്കിനും കാരണമാകും. ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്ന തീര്‍ഥാടകര്‍ ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നത് പതിവാണ്. ദേശീയ പാതയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളും വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞദിവസം ടൗണില്‍ ഇറങ്ങിയ പത്തോളം കന്നുകാലികള്‍ മണിക്കൂറുകളോളം ടൗണില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരമെന്ന് പതിവുപോലെ അവലോകന യോഗത്തില്‍ അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന്റെ തലേന്ന് പോലും ഒന്നിനും പരിഹാരം ഉണ്ടാകാത്ത സ്ഥിതിയാണ് നിലവില്‍.
What's Your Reaction?

