ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ആരംഭിച്ചതോടെ സ്ഥാനാര്‍ഥികള്‍ ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ്. പല പോസുകളില്‍, ആംഗിളുകളില്‍ ചിത്രങ്ങളെടുക്കാന്‍ ലൊക്കേഷനുകളില്‍ സ്ഥാനാര്‍ഥികളുമായി പായുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍. മത്സരരംഗത്തുള്ളവര്‍ സ്റ്റുഡിയോകള്‍ ബുക്ക് ചെയ്തുതുടങ്ങി. നിന്നുതിരിയാന്‍ നേരമില്ലാത്തത്ര തിരക്കിലാണ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും.
സ്ഥാനാര്‍ഥികള്‍ക്കായി ചിത്രങ്ങളും വീഡിയോകളും റീലുകളുമൊക്കെ പാക്കേജായി ചെയ്തുനല്‍കുന്ന ഏജന്‍സുകളും രംഗപ്രവേശം ചെയ്തുകഴിഞ്ഞു. നൂറുകണക്കിന് സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങുന്ന തെരഞ്ഞെടുപ്പ് ഇവരുടെ ചാകരക്കാലമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥിരമായി ഫോട്ടോയെടുക്കുന്ന സ്റ്റുഡിയോകളും സജീവമായിക്കഴിഞ്ഞു.
ഫേസ്ബുക്കിലും വാട്സാപ്പിലും നിറഞ്ഞുനില്‍ക്കുന്നതിന്റെ ആവേശവും ആഹ്‌ളാദവും സ്ഥാനാര്‍ഥികളുടെ മുഖത്തുകാണാം. യുവാക്കളെ ആകര്‍ഷിക്കാന്‍ കിടിലന്‍ ഫോട്ടോകളും പോസ്റ്ററുകളും വേണമെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. ഇതിലെ വ്യത്യസ്തത വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായാണ് ഇപ്പോള്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത്. പ്രചാരണത്തിരക്കിലാകും മുമ്പ് പരമാവധി ഫോട്ടോകളും വീഡിയോകളും തയാറാക്കിവയ്ക്കാനാണ് 'പടംപിടിത്ത'ക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ആമ്പല്‍ പാടങ്ങളും നെല്‍പ്പാടങ്ങളും പ്രധാന ലൊക്കേഷനുകളാണ്. പരിചയ സമ്പന്നരായ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.