പുറ്റടിയില്‍ പട്ടയഭൂമിയിലെ വഴി അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്തിന്റെ നീക്കം: ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റം
പുറ്റടിയില്‍ പട്ടയഭൂമിയിലെ വഴി അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്തിന്റെ നീക്കം: ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റം
ഇടുക്കി: വണ്ടന്‍മേട് പുറ്റടിക്കുസമീപം മാക്കത്തടത്ത് പട്ടയഭൂമിയിലെ വഴി അളന്ന് തിട്ടപ്പെടുത്താനെത്തിയ പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റം. പഞ്ചായത്ത് വഴിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. തന്റെ ഭൂമിയിലെ വഴി പഞ്ചായത്ത് പാതയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ സഹിതം ഉദ്യോഗസ്ഥരെത്തിയാല്‍ വിട്ടുനല്‍കാന്‍ തയാറാണെന്ന് സ്ഥലമുടമ അജയന്‍ പറഞ്ഞു. തനിക്കും തന്റെ ജീവിത മാര്‍ഗമായ വ്യാപാരസ്ഥാപനത്തിനുമെതിരെ അയല്‍വാസികള്‍ നിരന്തരം വ്യാജ പരാതികള്‍ നല്‍കി തങ്ങളെ ഉപദ്രവിക്കുകയാണെന്ന് കാണിച്ച് പുറ്റടി തണ്ടളത്ത് കിഴക്കേതില്‍ അജയനും കുടുംബവും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വില്ലേജ് ഓഫീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വഴി അളന്ന് തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥരെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി. അജയന്‍ പൊതുവഴി കൈയേറി 12 കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയാണെന്ന് പരാതിക്കാരനായ കൊച്ചുമോന്‍ മാമ്പടത്തില്‍ പറഞ്ഞു. 12 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും ഒരുവീട്ടിലേക്ക് മാത്രമാണ് വാഹനം എത്തുന്നത്. ബാക്കിയുള്ള വീട്ടുകാര്‍ പഞ്ചായത്ത് കെട്ടിക്കൊടുത്ത നടപ്പാതയാണ് ഉപയോഗിക്കുന്നത്. ഒരു വീട്ടുകാര്‍ക്കുവേണ്ടി മാത്രമായി പഞ്ചായത്ത് വഴി നിര്‍മിച്ചു കൊടുക്കുമോ എന്നുള്ള ചോദ്യവും പ്രസക്തമാണ്. പരാതികളും മറു പരാതികളുമായി പ്രശ്‌നം പരിഹരിക്കപ്പെടാതെ അനന്തമായി നീളുകയും പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്യുന്നതിനാല്‍ തുടര്‍ പരാതികളുമായി മുമ്പോട്ട് പോകാനാണ് രണ്ടു കൂട്ടരുടെയും തീരുമാനം.
What's Your Reaction?

