കടുവാപ്പേടിയിൽ ഗ്രാമ്പി
കടുവാപ്പേടിയിൽ ഗ്രാമ്പി

വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസമേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രിയിൽ ഗ്രാമ്പി പ്രിയദർശനികോളനിയിലാണ് കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിന് വനം വകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .
കഴിഞ്ഞ ഒരു മാസക്കാലമായി വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുകയാണ് .പ്രദേശത്തെ വന്യമൃഗ സാന്നിധ്യം കടുവയുടേതാണെന്ന് ഇതിനോടകം തന്നെ നാട്ടുകാരിൽ പലരും നേരിട്ട് കണ്ടതും വനംവകുപ്പിനെ വിവരം അറിയിച്ചതും ആണ്.
കഴിഞ്ഞദിവസം ഗ്രാമ്പിയിൽ രണ്ട് ഇടങ്ങളിലായി കടുവയുടെ ആക്രമണത്തിൽ വളർത്തു പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.ഇന്നലെ രാത്രിയിൽക്കൂടി കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ ജോലിക്ക് പോകുവാനും സന്ധ്യ മയങ്ങുന്നതോടെ ഇറങ്ങുവാനും ഭയപ്പെടുന്നതായും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതിന് വനംവകുപ്പിനെ ധരിപ്പിക്കുവാൻ വേണ്ട ഇടപെടൽ പീരുമേട് എംഎൽഎയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ കുറെ നാളുകളായി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉണ്ടാവുമ്പോൾ വനപാലകരെ വിളിച്ചറിയിക്കുന്നുണ്ടെങ്കിലും ഇവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി പോകുന്നതല്ലാതെ വന്യമൃഗസാന്നിധ്യം ഏതാണെന്ന് തിരിച്ചറിയുവാൻ വേണ്ട നടപടികളോ വന്യമൃഗത്തെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിനു വേണ്ട നടപടികളോ വനംവകുപ്പ് സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ പരാതി അറിയിച്ചു.
What's Your Reaction?






