കൊന്നത്തടി കൈലാസത്തെ കുടിവെള്ള പദ്ധതി സ്വകാര്യ വ്യക്തി കൈക്കലാക്കി: പ്രദേശവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി
കൊന്നത്തടി കൈലാസത്തെ കുടിവെള്ള പദ്ധതി സ്വകാര്യ വ്യക്തി കൈക്കലാക്കി: പ്രദേശവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി
ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി വ്യാജരേഖകള്‍ ഉപയോഗിച്ച് കൊന്നത്തടി കൈലാസം സ്വദേശി കൈക്കലാക്കിയതായും പ്രദേശവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായും പരാതി. കുളവും സംഭരണ ടാങ്കും നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയയാളാണ് ഹോസുകള്‍ വെട്ടിനശിപ്പിച്ചും വൈദ്യുതി കണക്ഷന്‍ മുടക്കിയും കുടിവെള്ള വിതരണം തടസപ്പെടുത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2020- 21ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊന്നത്തടി കൈലാസത്ത് കുടിവെള്ള പദ്ധതി അനുവദിച്ചിരുന്നു. തുടര്‍ന്ന്, കുളവും ടാങ്കും നിര്‍മിക്കാന്‍ പ്രദേശവാസിയായ കദളിക്കാട്ടില്‍ സജി രണ്ട് സെന്റ് സ്ഥലം വിട്ടുനല്‍കി. എന്നാല്‍, പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇയാള്‍ ഗുണഭോക്താക്കളുടെ പേരും ഒപ്പും വ്യാജമായി തയാറാക്കി അപേക്ഷ നല്‍കി പദ്ധതി അനുവദിപ്പിച്ചു. പദ്ധതിത്തുകയായ 9 ലക്ഷം രൂപ ചെലവഴിച്ച് കുളവും ടാങ്കും നിര്‍മിച്ച് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവന്നു.
രണ്ടുവര്‍ഷത്തിനുശേഷം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് വിവരമറിഞ്ഞത്. കുടിവെള്ളക്ഷാമത്താല്‍ ബുദ്ധിമുട്ടിയിരുന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ട് 10 പേര്‍ക്ക് ടാങ്കില്‍നിന്ന് കണക്ഷന്‍ നല്‍കി. ഒരുവര്‍ഷത്തിനുശേഷം അറ്റകുറ്റപ്പണിക്ക് ആളുകള്‍ സ്ഥലത്ത് പ്രവേശിക്കുന്നത് സ്ഥലമുടമ തടസപ്പെടുത്തുകയും ഹോസുകള്‍ വെട്ടിനശിപ്പിക്കുന്നതും പതിവായി. പൊലീസും ജനപ്രതിനിധികളും ഇടപെട്ടിട്ടും സ്ഥലമുടമ ഉപദ്രവം തുടരുന്നതായി ഗുണഭോക്താക്കള്‍ പറയുന്നു.
നിലവില്‍ മഴവെള്ളം സംഭരിച്ചാണ് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. കുളം വൃത്തിയാക്കാനെത്തുമ്പോള്‍ വഴിയടയ്ക്കുകയും സ്ഥലമുടമ അസഭ്യം പറയുന്നതായും ഇവര്‍ ആരോപിച്ചു. കൂടാതെ, ഇയാള്‍ കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന കീടനാശിനിയുടെ കുപ്പികള്‍ കുടിവെള്ള ടാങ്കിനോട് ചേര്‍ന്നാണ് സൂക്ഷിക്കുന്നത്. നാട്ടുകാര്‍ മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും കൊന്നത്തടി പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി.
What's Your Reaction?

