വാഗമണ്ണില്‍ എംഎംജെ പ്ലാന്റേഷന്റെ ഒഴിപ്പിക്കല്‍: വസ്തുവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വീടും കടമുറിയും പൊളിച്ചുനീക്കി
വാഗമണ്ണില്‍ എംഎംജെ പ്ലാന്റേഷന്റെ ഒഴിപ്പിക്കല്‍: വസ്തുവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വീടും കടമുറിയും പൊളിച്ചുനീക്കി
ഇടുക്കി: വാഗമണ്ണില്‍ ഭൂമിയുടെ അവകാശത്തിന്റെ പേരില്‍ എംഎംജെ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് വീടും കടയും തകര്‍ത്തതായി പരാതി. വാഗമണ്‍ സ്വദേശി വേല്‍മുരുകന്‍- ജയന്തി ദമ്പതികളുടെ വീടിന്റെ മുന്‍വശവും ശുചിമുറിയും ഉപജീവനമാര്‍ഗമായിരുന്ന കടയുമാണ് കഴിഞ്ഞദിവസം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തകര്‍ത്തത്. ജയന്തിയുടെ അച്ഛനായ തോട്ടംതൊഴിലാളിക്ക് ആനുകൂല്യം ലഭിക്കാതെ വന്നതോടുകൂടി തോട്ടമുടമ 25 സെന്റ് ഭൂമി നല്‍കിയിരുന്നു. എന്നാല്‍, മൂന്ന് സെന്റ് ഭൂമി മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന അവകാശവാദവുമായാണ് ഒഴിപ്പിക്കല്‍ നടത്തിയത്.
ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തോട്ടം മാനേജ്‌മെന്റ് 2017ല്‍ കോടതിയില്‍ പരാതി നല്‍കി നിരോധന ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍, ജയന്തിയും കുടുംബവും കോടതിയെ സമീപിച്ചതോടെ കഴിഞ്ഞ ഏപ്രില്‍ 9ന് ഉത്തരവ് പിന്‍വലിച്ചു. തന്നെയും ഭാര്യയേയും പീരുമേട് ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയ സമയത്താണ് തോട്ടം അധികൃതര്‍ വീട് പൊളിച്ചതെന്നും വേല്‍മുരുകന്‍ ആരോപിച്ചു. വിവരമറിഞ്ഞയുടന്‍ വേല്‍മുരുകന്‍ വാഗമണ്‍ പൊലീസില്‍ വിവരമറിയിച്ചു. മണ്ണുമാന്തിയന്ത്രവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തതായാണ് ഇവര്‍ പറഞ്ഞത്. പിന്നീട് വാഗമണ്‍ എസ്എച്ച്ഒയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. തോട്ടം അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ജയന്തി ആവശ്യപ്പെട്ടു.
പൊളിക്കല്‍ സമയത്ത് വീടിന്റെ പിന്‍വശത്തെ മുറിയുടെ ഷീറ്റിനുമുകളില്‍ കല്ലുകള്‍ തള്ളി നാശമുണ്ടാക്കി. ഈസമയം മുറിയിലുണ്ടായിരുന്നയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാത്തപക്ഷം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് സാമുദായിക സംഘടനകളും അറിയിച്ചു.
മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ സിപിഐ എമ്മും പ്രതിമഷധിച്ചിരുന്നു.
What's Your Reaction?