എംഡിഎംഎ കേസ് കെട്ടിച്ചമച്ചതെന്ന് യുവാക്കള്‍: പിടിച്ചെടുത്ത പൊടി രാസലഹരിയല്ലെന്ന് പരിശോധനാഫലം: കട്ടപ്പന പൊലീസ് ക്രൂരമര്‍ദനത്തിനിരയാക്കിയതായി പരാതി
എംഡിഎംഎ കേസ് കെട്ടിച്ചമച്ചതെന്ന് യുവാക്കള്‍: പിടിച്ചെടുത്ത പൊടി രാസലഹരിയല്ലെന്ന് പരിശോധനാഫലം: കട്ടപ്പന പൊലീസ് ക്രൂരമര്‍ദനത്തിനിരയാക്കിയതായി പരാതി
ഇടുക്കി: എംഡിഎംഎ കൈവശം സൂക്ഷിച്ചുവെന്നാരോപിച്ച് പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായും ക്രൂരപീഡനത്തിന് വിധേയരാക്കിയതായും യുവാക്കള്‍. കട്ടപ്പന മുളകരമേട് കാഞ്ഞിരത്തുമൂട്ടില്‍ സുധീഷ്, മുളകരമേട്ടില്‍ വാടകയ്ക്ക് താമസിച്ച് കട്ടപ്പനയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരുന്ന മൂവാറ്റുപുഴ കുന്നുംപുറത്ത് ശ്രീജിത്ത് എന്നിവരാണ് കട്ടപ്പന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സുധീഷിന്റെ ബന്ധുവിന്റെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത പൊടി രാസലഹരിയല്ലെന്ന് ലാബിലെ പരിശോധനയിലും വ്യക്തമായി. ഇരുവരും ജയില്‍ മോചിതരായെങ്കിലും പൊലീസ് കെട്ടിച്ചമച്ച കള്ളക്കേസ് മാനക്കേട് ഉണ്ടാക്കിയതായി ഇവര്‍ പറയുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 20, 21 തീയതികളിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിക്കാന്‍ കട്ടപ്പന സ്റ്റേഷനില്‍ ക്രൂര മര്‍ദനത്തിന് വിധേയരാക്കിയതായി സുധീഷും ശ്രീജിത്തും ആരോപിച്ചു. അന്തര്‍ സംസ്ഥാന മയക്കുമരുന്നുകടത്ത് സംഘത്തിലെ കണ്ണികള്‍ എന്നാണ് പൊലീസ് പ്രചരിപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന സാന്‍ഡ് പൗഡറാണ് പൊലീസ് മയക്കുമരുന്നായി കണ്ടെത്തിയത്. എറണാകുളത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെ നിരപരാധിത്വം തെളിഞ്ഞതായും ഇരുവരും പറഞ്ഞു. കള്ളക്കേസ് അടിച്ചേല്‍പ്പിക്കുകയും മര്‍ദനമുറകള്‍ക്ക് വിധേയരാക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ദേശീയ- സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, പൊലീസ് കംപ്ലെയിന്റ് അതോറിറ്റി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജുവും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?