പീരുമേട്ടില്‍ ഭീതിപരത്തി കാട്ടാന
പീരുമേട്ടില്‍ ഭീതിപരത്തി കാട്ടാന
ഇടുക്കി: പീരുമേട്ടിലിറങ്ങിയ കാട്ടാന ജനവാസമേഖലയില്‍ തുടരുന്നു.
ഞായറാഴ്ച രാത്രി ഏലപ്പാറ ടൗണിനുസമീപം ശാന്തിനഗറിലും പുതുലയത്തിലും കാട്ടാനയെത്തിയിരുന്നു. കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതെല്ലാം വിഫലമാകുകയാണ്.
ജനവാസ മേഖലയിലേക്ക് കാട്ടാന കടക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ എല്ലാം മന്ദഗതിയിലാണ് മുമ്പോട്ടുപോകുന്നതെന്ന് ജനപ്രതിനിധികള്‍ ആരോപിക്കുന്നു.
ഞായറാഴ്ച ഉച്ചമുതല്‍ ഏലപ്പാറയിലും പരിസരപ്രദേശങ്ങളിലുമായി ഉണ്ടായിരുന്ന ആന രാത്രിയോടെ ഏലപ്പാറ ടൗണിനുസമീപം ശാന്തിനഗര്‍ ഭാഗത്ത് എത്തി. ഇത് കണ്ട് നാട്ടുകാര്‍ ബഹളം വച്ചതോടെ അന സമീപത്തെ തേയില തോട്ടത്തിലേക്ക് കയറി പുതുലയം ഭാഗത്ത് എത്തുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയില്‍ വന്ന യാത്രക്കാര്‍ റോഡരികില്‍ നില്‍ക്കുന്ന കാട്ടാനയെ കണ്ട് ഭയപ്പെടുകയും വാഹനത്തില്‍നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ്, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍, വനപാലകര്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി കാട്ടാനയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നിരവധി തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ പണിക്കിറങ്ങുന്നതും അധിവസിക്കുന്നതുമായ മേഖലയിലാണ് കാട്ടാനയിറങ്ങിയത്. സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ മേഖലയിലാണ് കാട്ടാനയെത്തിയത്.
അതേസമയം ഇന്ന് പുലര്‍ച്ചെ കുട്ടിക്കാനം തട്ടാത്തിക്കാനത്തിനുസമീപം ചതുപ്പ് ഭാഗത്ത് കാട്ടാനയെ കണ്ടതായി വനപാലകര്‍ പറഞ്ഞു. ഏലപ്പാറ ഭാഗത്ത് എത്തിയ കാട്ടാനയാണ് ഇതെന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ആനയെ നിരീക്ഷിച്ചുവരികയുമാണ്. പകല്‍സമയത്ത് കാട്ടാനയെ തുരത്തുക പ്രയാസമേറിയ കാര്യമായതിയല്‍ രാത്രി സമയത്ത് ആനയെ കാട്ടിലേക്ക് കയറ്റിവിടാനാണ് വനംവകുപ്പിന്റെ ശ്രമം. എന്നാല്‍ ആന പലസ്ഥലങ്ങളിലേക്ക് മാറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം കേന്ദ്ര ഫണ്ടില്‍നിന്ന് എംപി അനുവദിച്ച വനാതിര്‍ത്തിയിലെ ഫെന്‍സിങ് ജോലികള്‍ പുനരാരംഭിക്കണമെന്നും ആനയെ മയക്കുടിവച്ച് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. ആര്‍ആര്‍ടിയുടെ പെട്രോളിങ് ഏലപ്പാറയില്‍ ഉറപ്പുവരുത്തണമെന്നും വനംവകുപ്പ് മന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?