കട്ടപ്പനയില്‍നിന്ന് ഏലക്ക മോഷ്ടിച്ച കാമാക്ഷി ബിജും മകന്‍ ബിബിനും പൊലീസ് പിടിയില്‍
കട്ടപ്പനയില്‍നിന്ന് ഏലക്ക മോഷ്ടിച്ച കാമാക്ഷി ബിജും മകന്‍ ബിബിനും പൊലീസ് പിടിയില്‍
ഇടുക്കി: കട്ടപ്പന തൊവരയാറില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാക്കളായ കാമാക്ഷി വലിയപറമ്പില്‍ വീട്ടില്‍ കാമാക്ഷി എസ്‌ഐ എന്ന് വിളിക്കുന്ന ബിജു, മകന്‍ ബിബിന്‍ എന്നിവരെ കട്ടപ്പന പൊലീസ് പിടികൂടി. കട്ടപ്പന തൊവരയാർ പള്ളിക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍നിന്ന് കഴിഞ്ഞ 29ന് രാത്രിയില്‍ 220 കിലോ പച്ച ഏലക്ക ഇവര്‍ മോഷ്ടിച്ചത്. ഇത് 30ന് പരിചയക്കാരനായ കൗമാരക്കാരന്റെ സഹായത്തോടെ രാവിലെ 9ന് ശേഷം നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. ഇതിനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം നടത്തി കിട്ടുന്ന തുകകൊണ്ട് ആഡംബര വാഹനങ്ങളും വസ്തുക്കളും വാങ്ങി കൂട്ടുന്ന ബിജുവിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 500ലേറെ മോഷണ കേസുകളുണ്ട്. 15 വര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പീരുമേട് ജയിലില്‍ കഴിഞ്ഞ് വന്നിരുന്ന ബിജുവിനെ 2023 ഫെബ്രുവരിയില്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. പൊലീസിനെ ആക്രമിച്ച മൂന്ന് കേസുകളിലെ പ്രതിയാണ് ബിജു. പിടികൂടാനെത്തുന്ന പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ വീടിനുചുറ്റും നായ്ക്കളെ അഴിച്ചുവിടുകയും സാക്ഷി പറയുന്നവരെ ആക്രമിക്കുന്ന രീതിയും ബിജുവിനുണ്ട്. മകന്‍ ബിബിനും നിരവധി മോഷണകേസുകളിലെ പ്രതിയാണ്. എറണാകുളഞ്ഞ് ടാക്‌സി ഡ്രൈവറായി ജോലി ചെയുകയായിരുന്ന ബിബിന്‍ ഇവിടെനിന്ന് വാടകയ്ക്ക് എടുത്ത വാഹനമാണ് മോഷണത്തിന് ഉപയോഗിച്ചത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..
What's Your Reaction?