ദേവികുളത്തെ സ്‌പെഷ്യല്‍ ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ല: കെട്ടിടം കാടുകയറി മൂടി
ദേവികുളത്തെ സ്‌പെഷ്യല്‍ ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ല: കെട്ടിടം കാടുകയറി മൂടി
ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി പുതിയത് നല്‍കാനുള്ള നടപടികള്‍ക്കായി ദേവികുളത്ത് സ്ഥാപിച്ച സ്‌പെഷ്യല്‍ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുക, പുതിയ അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹരായവരെ കണ്ടെത്തുക, ഭൂമി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തുക, പുതിയ പട്ടയത്തിനുള്ള നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ ഒരുവര്‍ഷം മുമ്പാണ് തഹസില്‍ദാര്‍ അടക്കം 11 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചത്. ദേവികുളത്തെ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ റവന്യു ഓഫീസിനുള്ളിലെ ചെറിയ സൗകര്യത്തിലാണ് പ്രത്യേക സംഘത്തിനും ഓഫീസ് അനുവദിച്ചത്. എന്നാല്‍ ഈ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് പരാതി. നിലവില്‍ ഈ കെട്ടിടം കാട് കയറി മൂടുന്ന സ്ഥിതിയിലാണ്. ഓഫീസ് തുറന്നെങ്കിലും താലൂക്കിലെ 9 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്ന ഭൂമി പരിശോധിക്കാന്‍ പോകാനുള്ള വാഹനം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. ഓഫീസിലെ സൗകര്യമില്ലായ്മ മൂലം 5 ഉദ്യോഗസ്ഥര്‍ ഇതിനോടകം മടങ്ങിപ്പോയി. നിലവില്‍ 6പേരാണ് ഓഫീസിലുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ഭൂമി പരിശോധനയും സര്‍വേയും നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. 1964ലെ ഭൂപതിവ് ചട്ടപ്രകാരം കൈവശഭൂമിക്ക് പട്ടയം നല്‍കുന്നത് തടഞ്ഞുകൊണ്ട് 2024 ജനുവരി 10ന് ഹൈക്കോടതി ഉത്തരവിട്ടതോടെ രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് പകരം പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങളും നിലച്ചുകിടക്കുകയാണ്.
What's Your Reaction?