ജില്ലയിലെ മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ 

ജില്ലയിലെ മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ 

Jan 21, 2026 - 11:24
 0
ജില്ലയിലെ മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ 
This is the title of the web page

ഇടുക്കി: ജില്ലാ ആസ്ഥാനത്തും ചെറുതോണി, തങ്കമണി, തോപ്രാംകുടി, കരിമ്പന്‍ ,തടിയമ്പാട്, കഞ്ഞിക്കുഴി, മുരിക്കാശേരി മേഖലകളിലെയും മത്സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളില്‍  ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യം. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും പഴയ മത്സ്യമാംസങ്ങള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുവെന്നും ആരോപണമുണ്ട്. ഇത് ചോദ്യം ചെയ്യുന്ന ഉപഭോക്താക്കളെ വ്യാപാരികള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നതും പതിവാണ്. കഴിഞ്ഞ ഞായറാഴ്ച തങ്കമണി സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യക്കടയില്‍നിന്ന് മത്സ്യം വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടര്‍ന്ന്  കടയുടമക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഐസ് ക്യൂബുകളില്‍ ഇവ ഉള്‍ക്കൊള്ളിക്കുകയാണ് പതിവ്. ഇത്തരത്തില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുകയും പഴകിയ ഭക്ഷണം വില്‍ക്കുകയും ചെയ്യുന്ന പല ഹോട്ടലുകളും മത്സ്യ മാംസ വിതരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിക്കുന്നതിനാലാണ് ആരോഗ്യവകുപ്പ് പരിശോധന നിര്‍ത്തിയതെന്നും ആരോപണമുണ്ട്. ഹോട്ടലുകളിലും ഭക്ഷ്യോല്‍പന്ന വിപണന കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് കൃത്യസമയങ്ങളില്‍ പുതുക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് പരിശോധന നിര്‍ത്തിയതോടെ ഹോട്ടലുകളില്‍ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. മത്സ്യമാംസ വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ ഹ്യൂമന്‍ റൈറ്റ് ഫൗണ്ടേഷന്‍സ് ചെയര്‍മാന്‍ ഡോ. പി സി അച്ചന്‍കുഞ്ഞുമായി ആലോചിച്ച് ആരോഗ്യവകുപ്പ് ജില്ലാ അധികാരികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഇടുക്കി താലൂക്ക് സെക്രട്ടറി കെ എസ് മധു, കമ്മിറ്റിയംഗങ്ങളായ ഷാജന്‍ ഫിലിപ്പ്, രാജു ഉപ്പുതോട് എന്നിവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow