പട്ടയ അപേക്ഷ സ്വീകരിക്കാനുള്ള റവന്യു വകുപ്പിന്റെ പുതിയ ഉത്തരവില്‍ സിഎച്ച്ആറിനെ ഒഴിവാക്കി: മന്ത്രി റോഷിയും എല്‍ഡിഎഫും മറുപടി പറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

പട്ടയ അപേക്ഷ സ്വീകരിക്കാനുള്ള റവന്യു വകുപ്പിന്റെ പുതിയ ഉത്തരവില്‍ സിഎച്ച്ആറിനെ ഒഴിവാക്കി: മന്ത്രി റോഷിയും എല്‍ഡിഎഫും മറുപടി പറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

Jan 23, 2026 - 16:20
Jan 23, 2026 - 17:18
 0
പട്ടയ അപേക്ഷ സ്വീകരിക്കാനുള്ള റവന്യു വകുപ്പിന്റെ പുതിയ ഉത്തരവില്‍ സിഎച്ച്ആറിനെ ഒഴിവാക്കി: മന്ത്രി റോഷിയും എല്‍ഡിഎഫും മറുപടി പറയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
This is the title of the web page

ഇടുക്കി: പട്ടയ അപേക്ഷ സ്വീകരിക്കാന്‍ ജനുവരി 3ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ സിഎച്ച്ആര്‍ മേഖലയെ ഒഴിവാക്കിയതിന്റെ കാരണം മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും വ്യകതമാക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. വനം- റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച, നിലവില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടില്ലാത്ത സിഎച്ച്ആറിന് പുറത്തുള്ളവരില്‍നിന്ന് പട്ടയത്തിന് അപേക്ഷ സ്വീകരിക്കാനാണ് ഉത്തരവിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് കട്ടപ്പനയിലെത്തിയ റവന്യു മന്ത്രി കെ രാജന്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ സുപ്രീംകോടതിയില്‍നിന്ന് വിലക്കിനെ തുടര്‍ന്ന് പട്ടയം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സിഎച്ച്ആറില്‍ പട്ടയം നല്‍കാന്‍ സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയതാണെന്നും അതിനാല്‍ കട്ടപ്പനയിലടക്കമുള്ള ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുന്നതിന് തടസമില്ലെന്നും ഉടന്‍ പട്ടയം അനുവദിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ചത് നുണയാണെന്ന് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നതായും ബിജോ മാണി പറഞ്ഞു.  
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടത്തിയ മലയോര പട്ടയ വിവരശേഖരണത്തില്‍ ലഭിച്ച അപേക്ഷകള്‍ പ്രകാരം വന ഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം ജില്ലയില്‍ 38 വില്ലേജുകളിലായി 26,467 പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഇതില്‍ സിഎച്ച്ആറിന്റെ പരിധിയിലുള്ള 27 വില്ലേജുകളിലെ 13.578 അപേക്ഷകരും ഉള്‍പ്പെടുന്നു. അതായത് ആകെ പട്ടയം ലഭിക്കേണ്ടവരില്‍ പകുതിപ്പേരും സിഎച്ച്ആറിലാണ്. ഇത് കൂടാതെ ഷോപ്പ് സൈറ്റുകള്‍ക്കും പട്ടയം നല്‍കാനുണ്ട്. നിലവില്‍ ഇവരില്‍നിന്ന് പട്ടയത്തിന് അപേക്ഷ പോലും സ്വീകരിക്കുന്നില്ല. പുതിയ ഉത്തരവ് പ്രകാരം അപേക്ഷ സ്വീകരിക്കുന്നത് വനം റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍നിന്നാണ്. എന്നാല്‍ സംയുക്ത പരിശോധന സംബന്ധിച്ച് ജില്ലയില്‍ വ്യാപക പരാതിയാണുള്ളത്. വണ്ണപ്പുറം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ പല പ്രദേശങ്ങളും സംയുക്ത പരിശോധനയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടതായി 2016 മുതല്‍ പരാതിയുണ്ട്. ഇതില്‍ വണ്ണപ്പുറം വില്ലേജില്‍നിന്ന് 3846, കഞ്ഞിക്കുഴി വില്ലേജില്‍നിന്ന് 2177, ഇടുക്കി വില്ലേജില്‍നിന്ന് 2148 ഉം വീതം അപേക്ഷകളാണ് മലയോര പട്ടയ വിവരശേഖരണത്തില്‍ ലഭിച്ചത്. വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ചിന്റെ പരിധിയില്‍ ഇതുവരെ സംയുക്ത പരിശോധന നടന്നിട്ടേയില്ല. ഇതിന്റെ പരിധിയില്‍ വരുന്ന മന്നാകണ്ടം വില്ലേജില്‍ 2776 അപേക്ഷകളും വിവരശേഖരണത്തില്‍ ലഭിച്ചു. നിലവില്‍ ഇവര്‍ക്കൊന്നും പട്ടയത്തിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. 28,588,159 ഹെക്ട്ടര്‍ ഭൂമിക്കാണ് വനഭൂമികുടിയേറ്റ നിയമപ്രകാരം പട്ടയം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും അനുമതി നല്‍കിയത്. ഇതില്‍ 20,300 ഹെക്ടര്‍ ഭൂമിയും സിഎച്ച്ആറിന്റെ പരിധിയിലാണ്. അനുമതി ലഭിച്ചതില്‍ ഇനി പട്ടയം നല്‍കാന്‍ ബാക്കി നില്‍ക്കുന്ന ഭൂമിയിലധികവും സിഎച്ച്ആറിന്റെ പരിധിയിലാണ്. സിഎച്ച്ആറിന് വെളിയില്‍ പട്ടയം ലഭിക്കാനുള്ളവരാകട്ടെ വനം റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താത്ത വില്ലേജുകളില്‍നിന്നാണ്. സംയുക്ത പരിശോധന ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. സിഎച്ച്ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാതെയും വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താതെയും പുതിയ പട്ടയങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നിരിക്കെ പുതിയ ഉത്തരവ്, മന്ത്രി ഷോപ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് കട്ടപ്പനയില്‍ നടത്തിയ തട്ടിപ്പ് പ്രഖ്യാപനത്തിന്റെ ആവര്‍ത്തനം മാത്രമാണ്. വനഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം പട്ടയം നല്‍കണമെങ്കില്‍ സിഎച്ച്ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാനും, വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനുമുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടത്. അതിന് സര്‍ക്കാര്‍ തയാറാകണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആനന്ദ് തോമസും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow